
തിരുവനന്തപുരം: യെമനില്‍ തടവില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട് ചാണ്ടി ഉമ്മൻ എംഎൽഎ. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു ഇരുവരുടെയും കൂടികാഴ്ച. പ്രവാസി വ്യവസായിയായ സാജൻ ലത്തീഫിനൊപ്പമാണ് ചാണ്ടി ഉമ്മൻ ഗവർണറെ കാണാനെത്തിയത്. നേരത്തെയും ചാണ്ടി ഉമ്മൻ നിമിഷ പ്രിയയുടെ മോചനത്തിനായി ഗവർണറെ കണ്ടിരുന്നു. അന്നത്തെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഗവർണർ കേന്ദ്രസർക്കാർ പ്രതിനിധികളുമായി സംസാരിക്കുകയും ചെയ്തിരുന്നു.
അതേ സമയം, നിമിഷപ്രിയയുടെ വധശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്തെത്തി. നിമിഷപ്രിയയുടെ വധശിക്ഷ എത്രയും വേഗം നടപ്പിലാക്കി നീതി നടപ്പാക്കണം. ഇനി ഒരു ചര്‍ച്ചയ്ക്കില്ല. വധശിക്ഷ നടപ്പാക്കാന്‍ പുതിയ തീയതി നിശ്ചയിക്കണമെന്നും ഫത്താഹ് മഹ്ദി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ഇയാള്‍ പ്രോസിക്യൂഷന് കത്ത് നല്‍കുകയും ചെയ്തു. ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിവെച്ചശേഷം ഇത് രണ്ടാം തവണയാണ് അബ്ദുല്‍ ഫത്താഹ് മഹ്ദി കത്ത് നല്‍കുന്നത്.
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയ നടപടിക്ക് പിന്നാലെ തുടര്‍ച്ചയായി പ്രതികരിച്ച് അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ഇയാളുടെ പ്രതികരണങ്ങളെല്ലാം. ദിയാധനം സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അബ്ദുല്‍ ഫത്താഹ് പ്രതികരിച്ചിരുന്നു. അടുത്തിടെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് നിഷേധിച്ചും അബ്ദുല്‍ ഫത്താഹ് രംഗത്തെത്തിയിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്നായിരുന്നു പ്രതികരണം.
നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കമുള്ളവരുടെ ഇടപെടലിനെ തുടര്‍ന്ന് വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടുകയായിരുന്നു. ഇതിന്റെ പേരില്‍ കാന്തപുരം ഏറെ വിമര്‍ശനങ്ങള്‍ക്കിരയായിരുന്നു. ഇതിനിടെ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ രണ്ട് തട്ടിലായി. നിമിഷപ്രിയ വിഷയത്തില്‍ ഏറെ ഉയര്‍ന്നുകേട്ട സാമുവല്‍ ജെറോമിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു.
നിമിഷപ്രിയക്കായി പിരിച്ചുനല്‍കിയ നാല്‍പതിനായിരത്തോളം ഡോളര്‍ സാമുവല്‍ ജെറോം എന്ത് ചെയ്തുവെന്ന ചോദ്യവുമായി ആക്ഷന്‍ കൗണ്‍സിലിലെ ഒരു വിഭാഗം അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. വധശിക്ഷ നീട്ടിയതുമായി ബന്ധപ്പെട്ടും കാന്തപുരത്തിന്റെ ഇടപെടലുമായി ബന്ധപ്പെട്ടും പ്രചരിച്ച വിഷയങ്ങള്‍ യെമനിലെ ചര്‍ച്ചകള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചതായും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞിരുന്നു.
അടുത്തിടെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ധാക്കിയെന്ന് ചൂണ്ടിക്കായുള്ള ഒരു പോസ്റ്റ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നെങ്കിലും അത് പിന്നീട് വലിച്ചിരുന്നു. ഇതിന് പിന്നാലെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ രംഗത്തെത്തിയിരുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍ ആവശ്യപ്പെട്ടിരുന്നു.
പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ ജോലിയുടെ ഭാഗമായിട്ടാണ് യെമനില്‍ എത്തുന്നത്. 2017-ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല. ഇതിന് പിന്നാലെയാണ് കാന്തപുരത്തിന്റെ ഇടപെടലും വധശിക്ഷ നീട്ടുന്ന നടപടികളും ഉണ്ടായത്.
Content Highlights: Chandy Oommen Meets Governor again, For Requesting Nimishapriya's release