
കണ്ണൂര്‍: വിഖ്യാത എഴുത്തുകാരനും നിരൂപകനുമായ പ്രൊഫ. എം കെ സാനുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് എഴുത്തുകാരന്‍ ടി പത്മനാഭന്‍. സാനു മാഷുമായി ദീര്‍ഘകാലത്തെ ബന്ധമാണ് ഉണ്ടായിരുന്നതെന്ന് ടി പത്മനാഭൻ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗം എവിടെയുണ്ടെങ്കിലും കേള്‍ക്കാന്‍ പോകുമായിരുന്നുവെന്നും ടി പത്മനാഭന്‍ ഓര്‍മിച്ചു. മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ ഉണ്ടായിരുന്നുവെന്നും ടി പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.
'അദ്ദേഹത്തിന്റെ പല ലേഖനങ്ങളും നിരവധി തവണ വായിച്ചിട്ടുണ്ട്. ആരോഗ്യസ്ഥിതി അനുവദിക്കാത്തതുകൊണ്ടാണ് അദ്ദേഹത്തെ കാണാന്‍ പോകാതിരുന്നത്. എന്റെ പല സംശയനിവാരണങ്ങള്‍ക്കും സാനു മാഷിനെ ആശ്രയിച്ചിരുന്നു. ഭാഷ എന്താണ് എന്ന് അറിയുന്നവര്‍ ഇന്ന് വളരെ കുറവാണ്. മലയാള സാഹിത്യത്തിന് സാനു മാഷിന്റെ വിയോഗം ഉണ്ടാക്കുന്ന വിടവ് അപരിഹാര്യമാണ്', ടി പത്മനാഭന്‍ പറഞ്ഞു.
ഇന്ന് വൈകിട്ടായിരുന്നു എം കെ സാനുവിന്റെ അന്ത്യം. നാളെ വൈകീട്ട് അഞ്ച് മണിക്ക് രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം. ഇന്ന് അമൃത ആശുപത്രിയില്‍ പൊതു ദര്‍ശനമുണ്ടാകും. രാത്രി ഏഴ് മുതല്‍ ഒൻപത് വരെയാണ് അമൃത ആശുപത്രിയില്‍ പൊതുദര്‍ശനം. ഒൻപതിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് കൈമാറും. നാളെ രാവിലെ എട്ടിന് വസതിയായ കാരിക്കാമുറി 'സന്ധ്യ' യില്‍ എത്തിക്കും. നാളെ രാവിലെ പത്ത് മുതല്‍ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനമുണ്ടാകും.
1928 ഒക്ടോബര്‍ 27ന് ആലപ്പുഴയിലെതുമ്പോളിയിലായിരുന്നു എം കെ സാനുവിന്റെ ജനനം. അതീവ സമ്പന്ന കൂട്ടുകുടുംബത്തില്‍ ജനിച്ച എം കെ സാനു, അകാലത്തില്‍ അച്ഛന്‍ മരിച്ചതോടെ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നിഴലിലായി. അവിടെ നിന്നാണ് അദ്ദേഹം സാഹിത്യ ലോകത്തും സാംസ്‌കാരിക മണ്ഡലത്തിലും നിറഞ്ഞത്. നാല് വര്‍ഷത്തോളം സ്‌കൂള്‍ അധ്യാപനായി സേവനം അനുഷ്ഠിച്ചു. പിന്നീട് വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ അധ്യാപക വൃത്തിയിലേര്‍പ്പെട്ടു. 1958ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ല്‍ അധ്യാപനത്തില്‍ നിന്ന് വിരമിച്ചു. 1986ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി 1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു.
Content Highlights: T Padmanabhan remember M K Sanu