
കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയുടെ പരോള്‍ റദ്ദാക്കി. പരോള്‍ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. വയനാട് മീനങ്ങാടി സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥ സുനി ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍. മീനങ്ങാടി സിഐയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ 21 നാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചത്. പരോള്‍ ലംഘിച്ച സുനിയെ ഇന്നലെ രാത്രി വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു.
കേസിലെ പ്രതികള്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ മദ്യപിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എ ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17 ന് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് സംഭവം. കൊടി സുനി, മുഹമ്മദ് റാഫി, ഷിനോജ് എന്നീ പ്രതികള്‍ ഉണ്ടായിരുന്നതായാണ് വിവരം.
ഭക്ഷണം കഴിക്കാനായി കയറിയ ഹോട്ടലില്‍ മദ്യം കഴിക്കാന്‍ അവസരമൊരുക്കിയെന്നാണ് കണ്ടെത്തല്‍. ഉച്ചയ്ക്ക് കോടതി പിരിഞ്ഞപ്പോള്‍ സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി എത്തിയിരുന്നു. ഈ സമയത്ത് പ്രതികളുടെ സുഹൃത്തുക്കള്‍ ഹോട്ടലിലെത്തി മദ്യം നല്‍കുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തില്‍ പ്രതികള്‍ മദ്യപിച്ചതായാണ് വിവരം.
Content Highlights: TP case accused Kodi Suni's parole revoked