
കൊച്ചി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ എത്തിര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. കാപട്യം ആണ് ബിജെപിയുടെ മുഖമുദ്രയെന്നും സംഭവത്തിലൂടെ സംഘ്പരിവാറിന്റെ ഫാസിസ്റ്റ് മുഖമാണ് വെളിവാകുന്നതെന്നും അബിന്‍ വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചു.
ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ക്കില്ല എന്ന അമിത് ഷായുടെ വാക്കും പഴയ ചാക്കായെന്നും അബിൻ വർക്കി പറഞ്ഞു. സെഷന്‍സ് കോടതിയിലും എന്‍ഐഎ കോടതിയിലും ഒരുപോലെ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ എതിര്‍ത്ത ബിജെപി സര്‍ക്കാര്‍ സംഘപരിവാറിന്റെ ഫാസിസ്റ്റ് മുഖമാണ് വെളിവാക്കുന്നത്. രാജീവ് ചന്ദ്രശേഖരനെയും, സുരേഷ് ഗോപിയെയും, ജോര്‍ജ് കുര്യനെയും പോലുള്ള ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ ക്രിസ്ത്യന്‍ സമൂഹം തിരിച്ചറിയണം. അവര്‍ക്കെതിരെ പ്രതിഷേധമുണ്ടാകണമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കാപട്യം ആണ് ബിജെപിയുടെ മുഖമുദ്ര.
ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ ഇന്ന് എൻഐഎ കോടതിയിൽ എതിർക്കില്ല എന്ന അമിത് ഷായുടെ വാക്കും പഴയ ചാക്കായി. സെഷൻസ് കോടതിയിലും എൻഐഎ കോടതിയിലും ഒരുപോലെ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ എതിർത്ത ബിജെപി സർക്കാർ സംഘപരിവാറിന്റെ ഫാസിസ്റ്റ് മുഖമാണ് വെളിവാക്കുന്നത്. രാജീവ് ചന്ദ്രശേഖരനെയും, സുരേഷ് ഗോപിയെയും, ജോർജ് കുര്യനെയും പോലുള്ള ആട്ടിൻതോലിട്ട ചെന്നായ്ക്കളെ ക്രിസ്ത്യൻ സമൂഹം തിരിച്ചറിയണം. അവർക്കെതിരെ പ്രതിഷേധമുണ്ടാകണം. അകാരണമായി തുറങ്കിലടക്കപ്പെട്ട കന്യാസ്ത്രീകളുടെ മോചനം ആവശ്യപ്പെട്ടുകൊണ്ട് ആലുവ എംഎൽഎ ശ്രീ അൻവർ സാദത്ത് നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുത്തു.
എന്‍ഐഎ കോടതിയില്‍ കന്യാസ്ത്രീകളുടെ ജാമ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. കേസില്‍ വാദം നടക്കുന്നതിനിടെയാണ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്. കേസില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ പുറത്തുവിടാന്‍ കഴിയില്ലെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. തെളിവുകള്‍ സമാഹരിക്കുന്ന സമയം പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കോടതികളില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതിന് ഉന്നയിക്കുന്ന പ്രധാന വാദമാണിത്. അതുതന്നെയാണ് ഛത്തീസ്ഗഡ് സര്‍ക്കാരും ഇന്ന് കോടതിയില്‍ പ്രയോഗിച്ചത്. കേസില്‍ വാദം പൂര്‍ത്തിയായി. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഈ പെണ്‍കുട്ടികളെ കടത്തുകയാണെന്നും നിര്‍ബന്ധിത പരിവര്‍ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ നിര്‍ബന്ധിത പരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.
Content Highlights-Abin Varkey reacts to the bail plea of the nuns arrested in Chhattisgarh