
കൊച്ചി: താരസംഘടനയായ എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ നിന്ന് നടൻ ജഗദീഷ് പിന്മാറും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിൻവലിക്കും. പ്രത്യേക ദൂതൻ വഴിയാണ് കത്ത് കൈമാറുക. വനിതകൾ നേതൃത്വത്തിൽ വരുമെന്ന ഉറപ്പിൽ, മോഹൻലാലും മമ്മൂട്ടിയുമായി സംസാരിച്ചതിന് ശേഷമാണ് ജഗദീഷിന്റെ തീരുമാനം. സുരേഷ് ഗോപിയുമായും ജഗദീഷ് സംസാരിച്ചിരുന്നു.
വനിതാ അധ്യക്ഷ ഉണ്ടാകണമെന്ന് ജഗദീഷ് നേരത്തെത്തന്നെ ആവശ്യപ്പെട്ടിരുന്നു. ജഗദീഷ് പിൻവാങ്ങുന്നതോടെ എഎംഎംഎയിൽ ഇന്ന് മത്സര ചിത്രം തെളിയും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരിക്കുക. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരൻ, രവീന്ദ്രൻ തുടങ്ങിയവർ മത്സരിക്കുന്നുണ്ട്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.
എഎംഎംഎ അധ്യക്ഷസ്ഥാനത്തേക്ക് വനിതകൾ വരുന്നതിനെ നിരവധി പേർ അനുകൂലിച്ചിരുന്നു. നടനും ഗതാഗത മന്ത്രിയുമായ കെ ബി ഗണേഷ്‌കുമാറും ഇതിനെ അനുകൂലിച്ച് രംഗത്തുവന്നിരുന്നു. സ്ത്രീകൾ നേതൃത്വം ഏറ്റെടുക്കുമ്പോൾ സാമ്പത്തിക അച്ചടക്കത്തിൽ ഉൾപ്പെടെ കൂടുതൽ ശ്രദ്ധയുണ്ടാകും. സംഘടനയുടെ പണം ധൂർത്തടിക്കുന്ന കൈകളിലേക്ക് പോകരുത്. നേതൃത്വം വനിതകൾ ഏറ്റെടുക്കണം. പ്രധാന പദവികളിൽ സ്ത്രീകൾ വരണം. ഇനിയൊരു മാറ്റം വരട്ടെ എന്നാണ് മോഹൻലാൽ ഒഴിയുമ്പോൾ പറഞ്ഞത്. 'അമ്മ' എന്ന പേര് അന്വർത്ഥമാക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടിരുന്നു.
അഭിനേത്രിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്‌മിയും സ്ത്രീകൾ നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്ത്രീകൾക്ക് സ്വതന്ത്രമായി അഭിപ്രായം പറയാൻ സ്ത്രീ നേതൃത്വം വേണമെന്ന് ഭാഗ്യലക്ഷ്‌മി പറഞ്ഞു. ഉറച്ച തീരുമാനമെടുക്കാൻ ശക്തിയുള്ളവർ നേതൃത്വത്തിൽ വരണം. നടി ആക്രമിക്കപ്പെട്ടപ്പോൾ എഎംഎംഎയിലെ ഒരു സ്ത്രീയും പിന്തുണച്ചിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.
Content Highlights: Jagadish to withdraw from AMMA election