
തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. പലര്‍ക്കും ഇപ്പോഴും ഭവനങ്ങള്‍ തയ്യാറായിട്ടില്ലെന്നും നല്ല നേതൃത്വത്തിന്റെ അഭാവമാണ് താന്‍ വയനാട്ടില്‍ കണ്ടതെന്നും രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. 'രണ്ടുതവണ വയനാട്ടിലേക്ക് പോയി. അവിടെ നല്ല ലീഡര്‍ഷിപ്പിന്റെ അഭാവമാണ് കണ്ടത്. അടുത്ത പടി എന്താണ് എന്ന തീരുമാനം എടുത്തിട്ടില്ല. മാനേജ്‌മെന്റില്‍ കുറവുണ്ടായിട്ടുണ്ട്. പലരും പല കാര്യങ്ങളും കിട്ടിയിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട്.'-രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ നേതൃപാടവം കാണിച്ചുതന്ന ദൗത്യമാണെന്നും പരസ്പര സഹകരണത്തിന്റെ യഥാര്‍ത്ഥ ഉദാഹരണമാണ് ഓപ്പറേഷന്‍ സിന്ദൂറെന്നും ഗവര്‍ണര്‍ പറഞ്ഞു. മനുഷ്യത്വം ഇല്ലെങ്കില്‍ നാം ഉപയോഗശൂന്യരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുണ്ടായിട്ട് ഒരുവർഷം പൂർത്തിയായി. 2024 ജൂലൈ 29-ന് രാത്രി 11.45-നാണ് പുഞ്ചിരിമട്ടം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായത്. അർധരാത്രി 12-നും ഒന്നിനുമിടയിൽ പുഞ്ചിരിമട്ടം-അട്ടമല, മുണ്ടക്കൈ-ചൂരൽമല മേഖലയിൽ ഉരുൾപൊട്ടലുണ്ടായി. 298 പേരുടെ ജീവനാണ് അന്ന് ഉരുളെടുത്തത്. അപകടത്തിൽ കാണാതായ 32പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ദുരന്തത്തിന് ഒരുവർഷം പൂർത്തിയാകുമ്പോൾ ദുരന്തബാധിതരുടെ പുനരധിവാസമാണ് ചർച്ചയാകുന്നത്. ഒരു വർഷം പൂർത്തിയാകുന്ന ദിവസം പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരു വീട് പോലും നിർമ്മിക്കാൻ സാധിച്ചില്ലെന്ന വിമർശനം സർക്കാരിനെതിരെ ഉയരുന്നുണ്ട്. എന്നാൽ പുനരധിവാസവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ ടൗൺഷിപ്പിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചിട്ടുണ്ടെന്നും വേഗത്തിൽ ഇതിൻ്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്.
നിയമപോരാട്ടത്തിനൊടുവിൽ സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിൽ ദുരന്തബാധിതർക്കായി സർക്കാർ വിഭാവനം ചെയ്തിരിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. മാർച്ച് 27നായിരുന്നു ടൗൺഷിപ്പിൻ്റെ ശിലാസ്ഥാപനം. ടൗൺഷിപ്പിൻ്റെ ഭാഗമായി നിർമ്മിക്കുന്ന മാതൃകാഭവനത്തിൻ്റെ നിർമ്മാണം പൂർത്തിയായി. ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയിൽ ക്ലസ്റ്ററുകളിലായാണ് വീടുകൾ നിർമിക്കുന്നതെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് കിടപ്പുമുറി, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാൾ, അടുക്കള, സ്റ്റോർ ഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാവും. ഒറ്റ നിലയിൽ പണിയുന്ന കെട്ടിടം ഭാവിയിൽ ഇരുനിലയാക്കാൻ കഴിയുന്ന അടിത്തറയോടെയാണ് പണിയുന്നത്. പ്രകൃതിദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ളതായിരിക്കും അടിത്തറയെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: lack of good leadership: governor rajendra arlekar on wayanad landslide rehabilitation