
കണ്ണൂർ: ഡിസിസി ജനറൽ സെക്രട്ടറി കെ സി വിജയനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ്. കെ സി വിജയന് പെരുന്തച്ചൻ കോംപ്ലക്സ് എന്നാണ് റോബർട്ട് വെള്ളാംവള്ളി വിമർശിച്ചത്. ജീവിച്ചിരിക്കുന്നത് നാലാളെ അറിയിക്കാനുള്ള അതിബുദ്ധിയാണ് കെ സി വിജയന്റേതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറികൂടിയായ റോബർട്ട് പറഞ്ഞു.
യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനെതിരെ ഡിസിസി ജനറൽ സെക്രട്ടറി കെ സി വിജയൻ നടത്തിയ ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് കെ സി വിജയനെ പരിഹസിച്ചുള്ള യൂത്ത് കോൺഗ്രസ് നേതാവിന്റെ പ്രസ്താവന.
വയനാട് പുനരധിവാസത്തിലും യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലും നേതൃത്വം തട്ടിപ്പുനടത്തി എന്നുപറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനും രാഹുൽ മാങ്കൂട്ടത്തിലുമെതിരെ പാർട്ടിയുടെ വാട്സാപ്പ് ഗ്രൂപ്പിലായിരുന്നു കെ സി വിജയന്റെ വിമർശനം.
‘‘കള്ളവോട്ട് വാങ്ങിയും വ്യാജ ഐഡന്റിറ്റി കാർഡുണ്ടാക്കിയുമാണ് വിജിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായത്. അതിന്റെ മുകളിലുള്ളവനും അങ്ങനെതന്നെ. തട്ടിപ്പുനടത്തി ജീവിക്കുന്നവർക്ക് എന്തു മാന്യത. വയനാട്ടിലേക്ക് ഇവിടെനിന്ന് എത്ര പണം പിരിച്ചുവെന്ന് എനിക്കു നന്നായി അറിയാം. അവിടെ എത്ര കൊടുത്തുവെന്നും. ബാക്കി കാര്യങ്ങൾ എന്നെക്കൊണ്ട് പറയിപ്പിക്കരുത്'' എന്നായിരുന്നു പുറത്ത് വന്ന ശബ്ദ സന്ദേശത്തിൽ കെ സി വിജയൻ പറഞ്ഞത്. ഇതൊക്കെ മനസ്സിലടക്കിയാണ് മുന്നോട്ടുപോകുന്നത്. കള്ളവോട്ട് വാങ്ങി ജില്ലാ പ്രസിഡന്റായി ചമഞ്ഞു നടക്കുകയാണെന്നും വിജയൻ്റെ ശബ്ദ സന്ദേത്തിൽ പറയുന്നു.
Content Highlights: Youth Congress leader mocks DCC General Secretary KC Vijayan on audio clip