
തിരുവനന്തപുരം: കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ കേരളം ഒറ്റക്കെട്ടായി മുന്നോട്ട് വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭരണഘടനയ്ക്ക് എതിരായ നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കന്യാസ്ത്രീകളുടെ അറസ്റ്റ് യാദൃശ്ചികമായ സംഭവമല്ല. സംഘപരിവാർ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ചവരാണ് മിഷനറിമാർ. ആഭ്യന്തര ശത്രുക്കളെ ഇല്ലാതാക്കുക എന്നത് അമിത്ഷായുടെ അജണ്ടയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് വ്യാപകമായ ന്യൂനപക്ഷ വേട്ടയാണ് നടക്കുന്നത്. കന്യാസ്ത്രീകൾക്കെതിരെ കള്ളപ്രചരണമാണ് നടക്കുന്നത്. മതനിരപേക്ഷവാദികൾ ശക്തിയായി പ്രതിഷേധിക്കണം. കന്യാസ്ത്രീകൾക്ക് വേണ്ടി ബിജെപി യുടെ ഇടപെടൽ കണ്ണിൽപ്പൊടിയിടാനെന്നും സഭാ അധ്യക്ഷന്മാർ സംഘപരിവാറിനെ തിരിച്ചറിയണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
അതേ സമയം,കന്യാസ്ത്രീമാരുടെ അറസ്റ്റിൽ ജാമ്യ അപേക്ഷ നാളെ നൽകുമെന്ന് സിബിസിഐ അറിയിച്ചു. സെഷൻസ് കോടതിയിലാണ് നാളെ ജാമ്യ അപേക്ഷ നൽകുക. സെഷൻ സ്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സിബിസിഐ വൃത്തങ്ങൾ അറിയിച്ചു. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചായിരുന്നു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.
സിസ്റ്റര്‍ പ്രീതിയെ ഒന്നാം പ്രതിയാക്കിയും വന്ദനയെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ചായിരുന്നു കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവര്‍.
നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. 19 മുതല്‍ 22 വയസ്സുള്ളവരായിരുന്നു ഇവര്‍. റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയും ചെയ്തു.
കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് പോവുകയാണെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്‍കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കി. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ബജ്റംഗ്ദളോ പൊലീസോ തയ്യാറായില്ലെന്നാണ് ആരോപണം.
Content Highlights: MV Govindan Against Malayali Nuns Arrest and BJP