'എന്തിനാ പ്രതിഷേധിക്കുന്നെ, അടുത്ത പെരുന്നാളിന് വിളിച്ച് ആദരിച്ചാൽ പോരെ?' പരിഹസിച്ച് യൂഹാനോൻ മാർ മിലിത്തിയോസ്

കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം എന്ന പത്രവാര്‍ത്ത പങ്കുവെച്ചായിരുന്നു പ്രതികരണം

'എന്തിനാ പ്രതിഷേധിക്കുന്നെ, അടുത്ത പെരുന്നാളിന് വിളിച്ച് ആദരിച്ചാൽ പോരെ?' പരിഹസിച്ച് യൂഹാനോൻ മാർ മിലിത്തിയോസ്
dot image

തൃശൂര്‍: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധത്തില്‍ പരിഹാസവുമായി ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും അടുത്ത പെരുന്നാളിന് ഒന്നൂടെ ഡല്‍ഹിയില്‍ വിളിച്ച് ആദരിച്ചാല്‍ പോരെ എന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഫേസ്ബുക്കില്‍ കുറിച്ചു. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം എന്ന പത്രവാര്‍ത്ത പങ്കുവെച്ചായിരുന്നു പ്രതികരണം.

നടക്കുന്നത് പുതിയകാര്യമല്ലെന്നും ആര്‍എസ്എസിന്റെയും അനുബന്ധസംഘടനകളുടെയും പ്രകടമായ പ്രവര്‍ത്തിയാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ആശങ്കപ്പെടുന്നതിനപ്പുറത്തേക്ക് തനിക്ക് തന്നെക്കുറിച്ച് തന്നെ സഹതാപവും അവജ്ഞയും ഉണ്ട്. താനുള്‍പ്പെടുന്ന മതവിഭാഗം ഇത്തരം കാര്യങ്ങളില്‍ പൊതുവായി സ്വീകരിക്കുന്ന സമീപനം ഇതെല്ലാം ആവര്‍ത്തിക്കാന്‍ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.

'എന്നെ തന്നെ ചോദ്യം ചെയ്യേണ്ട സാഹചര്യമാണ്. ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളോടുള്ള ആര്‍എസ്എസിന്റെ സമീപനം വ്യക്തമാണ്. അങ്ങനെയായിരിക്കെ ഇതിനെ 'ഒറ്റപ്പെട്ട സംഭവമായി' കണ്ട് അപ്പപ്പോള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ട് കാര്യമില്ല. നിരന്തരമായ സമ്മര്‍ദ്ദവും പ്രതിഷേധവും ബോധവല്‍ക്കരണവും നടത്തിയേ മതിയാവൂ. ജനസേവനം നടത്തിയ കന്യാസ്ത്രീകളെ ഒരു കാരണവുമില്ലാതെ പിടിച്ചുകൊണ്ടുപോവുകയാണ്', എന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു. ഇടയ്ക്കിടയ്ക്ക് പോയി ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത് വാസ്തവത്തില്‍ ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Yuhanon Meletius against Malayali nuns Arrest

dot image
To advertise here,contact us
dot image