ബജ്‌റംഗ് ദൾ ആരോപണമാണ് ശരിയെന്ന് പറയുന്നു, വലിയ ഗൂഢാലോചനയുണ്ട്; ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്കെതിരെ കെ സി വേണുഗോപാൽ

ബിജെപി സംഘം ഛത്തീസ്ഗഡിൽ പോകുന്നത് പ്രഹസനമാണെന്നുംകെ സി വേണുഗോപാൽ

ബജ്‌റംഗ് ദൾ ആരോപണമാണ് ശരിയെന്ന് പറയുന്നു, വലിയ ഗൂഢാലോചനയുണ്ട്; ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്കെതിരെ കെ സി വേണുഗോപാൽ
dot image

തിരുവനന്തപുരം: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിനെ പിന്തുണച്ച മുഖ്യമന്ത്രി വിഷ്ണു ദേവ സായ്ക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടന വിരുദ്ധമാണെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു. ബജ്‌റംഗ് ദൾ ആരോപണമാണ് ശരിയെന്ന് മുഖ്യമന്ത്രി പറയുമ്പോൾ ഇതിൽ വലിയ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ആഭ്യന്തരമന്ത്രിയും ഒരക്ഷരം മിണ്ടുന്നില്ലെന്നും ബിജെപി സംഘം ഛത്തീസ്ഗഡിൽ പോകുന്നത് പ്രഹസനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെണ്‍കുട്ടികളെ മതം മാറ്റാനുള്ള ശ്രമം നടന്നുവെന്നും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവതരമായ വിഷയമാണിതെന്നുമായിരുന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രി പ്രതികരണം. എല്ലാ മതങ്ങളിലെയും സമുദായങ്ങളിലെയും ആളുകള്‍ ഐക്യത്തോടെ ജീവിക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. മനുഷ്യക്കടത്ത് വഴി ആളുകളെ മതം മാറ്റാന്‍ ശ്രമം നടക്കുന്നുണ്ടായിരുന്നുവെന്നും പെണ്‍കുട്ടികളുടെ സുരക്ഷായുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയ നിറം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു. ബജ്‌റംഗ്ദളിനെ പിന്തുണച്ചാണ്‌ മുഖ്യമന്ത്രിയുടെ നിലപാട്.

ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവര്‍. നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. 19 മുതല്‍ 22 വയസ്സുള്ളവരായിരുന്നു ഇവര്‍.

റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയും ചെയ്തു. കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് പോവുകയാണെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്‍കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കി. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ബജ്‌റംഗ്ദളോ റെയില്‍വേ പൊലീസോ തയ്യാറായില്ലെന്നാണ് ആരോപണം.

Content Highlights: K C Venugopal Against Vishnu Deo Sai for Supporting Bajrang Dal

dot image
To advertise here,contact us
dot image