
മലപ്പുറം: ക്രിമിനല്‍ കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം മുഖ്യമന്ത്രി പിണറായി വിജയന്റെ കുബുദ്ധിയാണെന്ന് മുന്‍ എംഎല്‍എ പി വി അന്‍വര്‍. അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദനില്‍ നിന്ന് ചര്‍ച്ച മാറ്റാനാണ് ജയില്‍ച്ചാട്ടം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. അഞ്ച് ഗോവിന്ദച്ചാമി വിചാരിച്ചാലും ഇങ്ങനെയൊരു ജയില്‍ ചാട്ടം പ്രായോഗികം അല്ലെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ച്ചാട്ടത്തിൻ്റെ ഡെമോ കാണിച്ചായിരുന്നു പി വി അന്‍വറിന്റെ പ്രതികരണം.
'1000 ഹേക്‌സോ ബ്ലേഡ് ഉണ്ടെങ്കില്‍ ഇരുമ്പ് കമ്പി മുറിക്കാന്‍ പറ്റില്ലെന്ന് ഈ ജോലി ചെയ്യുന്നവര്‍ പറയുന്നു. ഇനി മുറിച്ചാല്‍ ഒരു വ്യക്തിക്ക് മാത്രം അത് വളക്കാന്‍ പറ്റില്ല. മൂന്ന് ഡ്രം അട്ടിക്ക് വെച്ചാലും കെട്ടിയ തുണിയിലേക്ക് പറന്നു പിടിക്കേണ്ടി വരും. അതും സാധ്യമല്ല. ഇതൊക്കെ സംഭവിച്ചെന്ന് വെച്ചാലും, ഇത്രയും റിസ്‌ക് എടുത്ത് ചാടുന്നത് രക്ഷപ്പെട്ട് നാടുവിടാനാണ്. എത്രയും പെട്ടെന്ന് പരിസരത്ത് നിന്ന് ഓടി രക്ഷപ്പെടാനാണ് ശ്രമിക്കുക. അതിന് ഗോവിന്ദച്ചാമി ശ്രമിച്ചിട്ടില്ല. അതിലേ പോയ ഒരു പാണ്ടിവണ്ടിക്കും കൈ കാണിച്ചിട്ടില്ല. സിസിടിവിയില്‍ സുഖമായി നടന്നു പോകുന്നതാണ് കാണുന്നത്', പി വി അന്‍വര്‍ പറഞ്ഞു.
അരമണിക്കൂര്‍ നടന്നാല്‍ റെയില്‍വേ ട്രാക്കിലെത്തുമെന്നും ഇതെല്ലാം സുപരിചിതമായ ഗോവിന്ദച്ചാമി പത്തുമണി വരെ ജയിലിന്റെ പരിസരത്ത് ഒളിച്ചു നിന്നെന്ന് പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കുമെന്നും പി വി അന്‍വര്‍ ചോദിച്ചു. ഈ പറയുന്ന ഒന്നും ജയിലില്‍ നടന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരെ തെളിവെടുപ്പ് നടത്തുമ്പോള്‍ ഷൂട്ട് ചെയ്യാന്‍ അനുവദിക്കാറുണ്ടെന്നും എന്നാല്‍ ഗോവിന്ദച്ചാമിയുടെ തെളിവെടുപ്പിന് അത് അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
'ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെ ഗോവിന്ദച്ചാമിയെ പുറത്തുകൊണ്ടുപോയി വിട്ടതാണ്. ജയില്‍ ഉദ്യോഗസ്ഥരുടെ വാഹനത്തില്‍ ഗോവിന്ദച്ചാമിയെ പുറത്ത് കൊണ്ടുവരുന്നു, ജയില്‍ പരിസരത്ത് നിന്ന് വിട്ടുപോകാതിരിക്കാന്‍ നിര്‍ദേശം നല്‍കുന്നു. 10 മണിക്ക് ശേഷം അറസ്റ്റ് ചെയ്യുമെന്ന് പറയുന്നു. ഒരു ഗോവിന്ദച്ചാമിക്ക് ജയില്‍ച്ചാട്ടം സാധ്യമല്ല, അഞ്ച് ഗോവിന്ദച്ചാമിമാര്‍ നടത്തിയാലും ജയില്‍ ചാടാന്‍ പറ്റില്ല', പി വി അന്‍വര്‍ പറഞ്ഞു.
വി എസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ട ചര്‍ച്ച രാഷ്ട്രീയ മണ്ഡലത്തില്‍ നിന്നും മാറ്റാനുള്ള പദ്ധതിയാണ് ജയില്‍ച്ചാട്ടമെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് ഗോവിന്ദച്ചാമിയെന്നും എന്തുകൊണ്ട് മലയാളി പ്രതിയെ ഉപയോഗിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇക്കാര്യം അന്വേഷിക്കണമെന്നും ഗോവിന്ദച്ചാമി എങ്ങനെയാണ് ഈ പ്രവര്‍ത്തി നടത്തിയതെന്ന് മുഖ്യമന്ത്രി അറിയിക്കണമെന്നും പി വി അന്‍വര്‍ ആവശ്യപ്പെട്ടു.
'കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു വിലാപയാത്ര നടന്നത്. എന്തുകൊണ്ടാണ് വി എസിനെ കേരള ജനത ഈ രീതിയില്‍ സ്‌നേഹിച്ചതെന്ന ചര്‍ച്ച വന്നു, വി എസ് എടുത്ത നിലപാടുകള്‍ ചര്‍ച്ചയായി, ആ വി എസിനെ തരംതാഴ്ത്താന്‍ പിണറായി വിഭാഗം നടത്തിയ തരംതാണ പ്രവര്‍ത്തികള്‍ ചര്‍ച്ചയായി, ക്യാപിറ്റല്‍ പണിഷ്‌മെന്റ് ചര്‍ച്ചയായി. ആ ചര്‍ച്ച അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനായ എഡിജിപി എം ആര്‍ അജിത്കുമാറിന്റെയും പി ശശിയുടെയും തലയില്‍ ഉദിച്ച കുബുദ്ധിയാണ് ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം', പി വി അന്‍വര്‍ പറഞ്ഞു.
Content Highlights: P V Anvar against Pinarayi Vijayan on Govindachamy issue