

തിരുവന്നതപുരം: ചെയ്യാത്ത തെറ്റിനാണ് കോണ്‍ഗ്രസ് നേതാവ് പാലോട് രവി ശിക്ഷ അനുഭവിച്ചതെന്ന് ഡിസിസി അധ്യക്ഷ ചുമതലയുള്ള എൻ ശക്തൻ. സത്യത്തിൽ ശബ്ദരേഖ കേട്ടപ്പോഴാണ് അദ്ദേഹത്തെ കുറ്റപ്പെടുത്തേണ്ടിയിരുന്നില്ല എന്ന് തോന്നിയത്. പ്രവർത്തനം ശക്തമാക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് പറയുന്നതിൽ തെറ്റില്ല. പക്ഷേ ചില വാക്കുകൾ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസുകാർക്ക് ശത്രു കോൺഗ്രസുകാർ തന്നെയാണ്. തെരഞ്ഞെടുപ്പ് ഏറ്റവും അടുത്തുവന്നിരിക്കുന്ന സമയമാണ്. അതുകൊണ്ടുതന്നെ ഡിസിസി അധ്യക്ഷ സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് വളരെയേറെ പ്രവർത്തിക്കാനുള്ള സമയമാണിതെന്നും എൻ ശക്തൻ കൂട്ടിച്ചേർത്തു. രവിയുടെ രാജിക്ക് പിന്നാലെയാണ് കെപിസിസി വൈസ് പ്രസിഡന്റ് എന്‍ ശക്തന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നൽകിയത്.
പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍ സംസാരിക്കുന്ന ശബ്ദസംഭാഷണം പുറത്ത് വന്നതോടെയാണ് രാജിവെക്കാന്‍ പാര്‍ട്ടി പാലോട് രവിയോട് ആവശ്യപ്പെട്ടത്. ഇന്നലെ റിപ്പോര്‍ട്ടറാണ് പാലോട് രവിയുടെ വിവാദ സംഭാഷണം പുറത്ത് വിട്ടത്. തുടര്‍ന്ന് രാത്രിയോടെ രാജിവെക്കുകയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും എന്നുമാണ് പാലോട് രവി ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞത്. നിയമസഭയിലും കോണ്‍ഗ്രസ് താഴെ വീഴുമെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് ബിജെപി വോട്ട് പിടിക്കുമെന്നും രവി പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും എന്ന പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി രവി രംഗത്തുവന്നിരുന്നു. ഒറ്റക്കെട്ടായി നിന്ന് ഭിന്നത പരിഹരിച്ചില്ലെങ്കില്‍ പരാജയമുണ്ടാകും എന്ന താക്കീതാണ് താന്‍ നല്‍കിയതെന്നും കൃത്യമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് പാര്‍ട്ടിയെ ഇല്ലാതാക്കുമെന്ന സന്ദേശം നല്‍കാനാണ് ഉദ്ദേശിച്ചതെന്നും പാലോട് രവി പറഞ്ഞിരുന്നു.
Content Highlights: N Shakthan on Palode Ravi audio clip controversy