പാലോട് രവിയുടെ രാജിക്ക് പിന്നാലെ ലഡ്ഡു വിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

പാലോട് രവി രാജിവെച്ചതിന് പിന്നാലെ ഇന്നലെ രാത്രി ഇയാള്‍ ലഡ്ഡുവും ജിലേബിയും വിതരണം ചെയ്തിരുന്നു

dot image

തിരുവനന്തപുരം: പാലോട് രവി ഡിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചതിന് പിന്നാലെ ലഡ്ഡു വിതരണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി. പെരിങ്ങല യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷംനാദിന് എതിരെയാണ് നടപടി. പാലോട് രവി രാജിവെച്ചതിന് പിന്നാലെ ഇന്നലെ രാത്രി ഇയാള്‍ ലഡ്ഡുവും ജിലേബിയും വിതരണം ചെയ്തിരുന്നു. ഷംനാദ് മധുരവിതരണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് നടപടി.

പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍ സംസാരിക്കുന്ന പാലോട് രവിയുടെ ശബ്ദസംഭാഷണം പുറത്ത് വന്നതോടെ രാജിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. റിപ്പോര്‍ട്ടറാണ് പാലോട് രവിയുടെ വിവാദ സംഭാഷണം പുറത്ത് വിട്ടത്. തുടര്‍ന്ന് രാത്രിയോടെ രാജിവെക്കുകയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും എന്നുമാണ് പാലോട് രവി ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞത്. നിയമസഭയിലും കോണ്‍ഗ്രസ് താഴെ വീഴുമെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് ബിജെപി വോട്ട് പിടിക്കുമെന്നും രവി പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും എന്ന പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി രവി രംഗത്തുവന്നിരുന്നു. ഒറ്റക്കെട്ടായി നിന്ന് ഭിന്നത പരിഹരിച്ചില്ലെങ്കില്‍ പരാജയമുണ്ടാകും എന്ന താക്കീതാണ് താന്‍ നല്‍കിയതെന്നും കൃത്യമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് പാര്‍ട്ടിയെ ഇല്ലാതാക്കുമെന്ന സന്ദേശം നല്‍കാനാണ് ഉദ്ദേശിച്ചതെന്നും പാലോട് രവി പറഞ്ഞിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് എന്‍ ശക്തനാണ് തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല.

Content Highlights: Peringala youth Congress Leader Removed From post due to laddu distribution over Palode Ravi Resignation

dot image
To advertise here,contact us
dot image