
കണ്ണൂര്‍: ഗോവിന്ദച്ചാമി ജയില്‍ ചാടാന്‍ നടത്തിയത് മാസങ്ങള് നീണ്ട തയ്യാറെടുപ്പ്. ചോറ് കഴിച്ചിരുന്നില്ല. ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങി ചപ്പാത്തി മാത്രം കഴിച്ചു. ശരീരഭാരം പകുതിയായി കുറച്ചു. ഇന്ന് സെല്ലില്‍ നിന്ന് പുറത്തിറങ്ങിയത് 1.15 ഓടെയാണ്. ചുവരിനോട് ചേര്‍ന്നായിരുന്നു കിടന്നുറങ്ങിയത്. കനത്ത മഴയായിരുന്നു. അതിനാല്‍ പുതച്ചുമൂടിയാണ് കിടന്നത്. കൊതുകുവലയും ഉണ്ടായിരുന്നു. ഗോവിന്ദച്ചാമി കിടന്ന പത്താം ബ്ലോക്കിലെ സെല്ലില്‍ വെളിച്ചമില്ല. 1.10-ന് ഒരു വാര്‍ഡന്‍ വന്ന് ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ പുതച്ചുമൂടിയ നിലയില്‍ രൂപമുണ്ടായിരുന്നു
സെല്ലിലെ രണ്ട് കമ്പികള്‍ മുറിച്ചാണ് ഇയാള്‍ പുറത്തുകടന്നത്. താഴത്തെ കമ്പികളാണ് മുറിച്ചത്. ജയിലില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അവിടെനിന്നും ഹാക്‌സോ ബ്ലേഡ് സംഘടിപ്പിച്ചു. ദിവസങ്ങളായി കുറച്ച് കുറച്ചായി കമ്പികള്‍ മുറിക്കാനുളള ശ്രമം നടത്തി. ഉപ്പുവെച്ച് കമ്പികള്‍ തുരുമ്പടിപ്പിച്ചതായും സംശയമുണ്ട്. രണ്ട് വലിയ ഡ്രമ്മുകള്‍ വെച്ച് ഫെന്‍സിംഗ് കമ്പിയില്‍ തുണികള്‍ കൂട്ടിക്കെട്ടിയാണ് കയറിയത്. ശേഷം ഇതേ തുണി താഴേയ്ക്കിട്ട് പിടിച്ച് ഇറങ്ങുകയായിരുന്നു. ഉണക്കാനിട്ടിരുന്ന തുണികളും ഗോവിന്ദച്ചാമി എടുത്തിരുന്നു. ജയിലിലെ വെളള വസ്ത്രം മാറ്റിയാണ് പുറത്തേക്കിറങ്ങിയത്. ജയിലിലെ വരാന്തയില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സെല്ലുകളില്‍ സിസിടിവി ഇല്ല. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഫെൻസിംഗിൽ വൈദ്യുതിയില്ല.
ഇന്ന് പുലർച്ചെ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ കുറിച്ച് വിവരവുമായി പൊതുജനങ്ങളിൽ ചിലർ ബന്ധപ്പെട്ടിരുന്നു. ഇതിൽ മൂന്നോളം പേർ കൃത്യമായ വിവരം നൽകി. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളിൽ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി. പിടികൂടിയ ശേഷം ഇയാളെ ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രതി ജയിൽ ചാടാനായി ജയിലിൽ നിന്നോ പുറത്തുനിന്നോ സഹായം ലഭിച്ചോ എന്നതിലുള്‍പ്പെടെ അന്വേഷണം നടത്തും. സംഭവസമയത്ത് ജയിലിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
Content Highlights: Months of preparation, only chapatis for food: How govindachamy escaped from jail