ഞാൻ ഒരു രവി തേജ ഫാൻ ആണ്, വളരെ എനർജറ്റിക്ക് ആയ മനുഷ്യനാണ് അദ്ദേഹം: പ്രീ റിലീസ് ഇവന്റിൽ കയ്യടി നേടി സൂര്യ

'കാർത്തിയും ജ്യോതികയും അല്ലെങ്കിൽ എന്റെ ഒപ്പമുള്ള മറ്റാരും രവി തേജ എന്ന പേര് ഓർക്കുന്നത് ഒരു ചിരിയോടെ ആയിരിക്കും'

ഞാൻ ഒരു രവി തേജ ഫാൻ ആണ്, വളരെ എനർജറ്റിക്ക് ആയ മനുഷ്യനാണ് അദ്ദേഹം: പ്രീ റിലീസ് ഇവന്റിൽ കയ്യടി നേടി സൂര്യ
dot image

തെലുങ്കില്‍ മാസ് മഹാരാജ എന്ന് അറിയപ്പെടുന്ന നടനാണ് രവി തേജ. അദ്ദേഹത്തിൻ്റെ വരാനിരിക്കുന്ന ചിത്രമായ മാസ് ജാതാരയുടെ പ്രീ റീലീസ് ഇവന്റ് ഇന്നലെ നടന്നിരുന്നു. നടൻ സൂര്യ ആയിരുന്നു ചടങ്ങിൽ അതിഥി ആയി എത്തിയത്. ഇപ്പോഴിതാ ചടങ്ങിൽ വെച്ച് സൂര്യ രവി തേജയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. താൻ ഒരു രവി തേജ ഫാൻ ആണെന്നും വളരെ എക്സ്പ്ലോസിവ് ആയ എനർജിക്ക്‌ ഒരു മനുഷ്യരൂപം ഉണ്ടെങ്കിൽ അത് രവി തേജയാണെന്നും സൂര്യ പറഞ്ഞു.

'ഇന്ന് ഞാൻ ഇവിടെ ഒരു ഫാൻ ബോയ് പോലെയാണ് സംസാരിക്കുന്നത്. കാർത്തിയും ജ്യോതികയും അല്ലെങ്കിൽ എന്റെ ഒപ്പമുള്ള മറ്റാരും രവി തേജ എന്ന പേര് ഓർക്കുന്നത് ഒരു ചിരിയോടെ ആയിരിക്കും. അവർക്ക് അദ്ദേഹത്തിനൊപ്പമുള്ള ഒരുപാട് രസകരമായ സംഭവങ്ങൾ പറയാനുണ്ടാകും. വളരെ എക്സ്പ്ലോസിവ് ആയ എനർജിക്ക്‌ ഒരു മനുഷ്യരൂപം ഉണ്ടെങ്കിൽ അത് രവി തേജയാണ്', സൂര്യ പറഞ്ഞു. അതേസമയം, പ്രീ റീലീസ് ചടങ്ങിൽ നിരവധി താരങ്ങൾ പങ്കെടുത്തെങ്കിലും സൂര്യയ്ക്കാണ് ഏറ്റവും കൂടുതൽ കയ്യടികൾ ലഭിച്ചത്. മാത്രവുമല്ല ബാരിക്കേഡുകൾ തകർത്ത് സൂര്യക്ക് ജയ് വിളിക്കുന്ന ആരാധകരെയാണ് കാണുന്നത്. തെലുങ്ക് നായകരെക്കാൾ കൂടുതൽ ആരാധകർ നടിപ്പിൻ നായകൻ സൂര്യയ്ക്കാണെന്ന് പറയുകയാണ് സോഷ്യൽ മീഡിയ.

മാസ് ജാതാരയിൽ രവി തേജ ഒരു പൊലീസ് ഓഫീസറായിട്ടാണ് എത്തുന്നത്. ശ്രീലീലയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇരുവരും മുമ്പ് സ്‌ക്രീൻ സ്പേസ് പങ്കിട്ടത് 2022-ൽ ധമാക്ക എന്ന ചിത്രത്തിലായിരുന്നു. ഭീംസ് സെസിറോലിയോ ആണ് ചിത്രത്തിന് ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. സിത്താര എൻ്റർടെയ്ൻമെൻ്റ്‌സിനും ഫോർച്യൂൺ ഫോർ സിനിമാസിനും കീഴിൽ നാഗ വംശി എസ്, സായ് സൗജന്യ എന്നിവർ ചേർന്നാണ് നിർമ്മാണം. ശ്രീകര സ്റ്റുഡിയോയാണ് അവതരണം.നവീന്‍ നൂലിയാണ് എഡിറ്റര്‍. ക്യാമറ വിദു അയ്യണ്ണ. ചിത്രം ഒക്ടോബർ 31 മുതൽ തിയേറ്ററുകളിലെത്തും. 2023 ല്‍ രവി തേജയുടെതായി ഇറങ്ങിയ രാവണാസുര, ടൈഗര്‍ നാഗേശ്വര്‍ റാവു എന്നിവയും 2024 ല്‍ പുറത്തിറങ്ങിയ ഈഗിള്‍, മി ബച്ചന്‍ എന്നീ ചിത്രങ്ങളും വന്‍ പരാജയങ്ങളായിരുന്നു.

Content Highlights: Suriya about Ravi Teja

dot image
To advertise here,contact us
dot image