
തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ വിലാപയാത്രയില്‍ സ്ത്രീകളുടെ പങ്കാളിത്തം ശ്രേദ്ധേയമായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പുതിയ തലമുറ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നുവെന്ന പ്രചരണം നടക്കുന്നുവെന്നും എന്നാല്‍ അത് തെറ്റെന്ന് വിലാപയാത്രയില്‍ കണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
രാവും പകലും, മഴയും വെയിലും ആളുകള്‍ക്ക് പ്രശ്‌നമായിരുന്നില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. 'തെറ്റായ പ്രവണതകള്‍ ചിലയിടങ്ങളില്‍ നടന്നു. അവസാനത്തെ കമ്മ്യൂണിസ്റ്റ് അവസാനിക്കുന്നു എന്നും പ്രചരണം നടന്നു. എ കെ ജി അടക്കം മരിച്ചപ്പോള്‍ സമാന പ്രചരണം ഉണ്ടായി. വി എസ് നയിച്ച ആശയം ജനാധിപത്യ വിപ്ലവമാണ്. വി എസ് മരിക്കുന്നില്ല എന്നാണ് ജനം വിളിച്ചു പറഞ്ഞത്. അത് ശരിയാണ്', എം വി ഗോവിന്ദന്‍ പറഞ്ഞു.
വി എസിന്റെ ആശയവും സ്വപ്നവുമാണ് പാര്‍ട്ടിയുടേതെന്നും അദ്ദേഹം വ്യക്തമാക്കി. വി എസ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആഗസ്റ്റ് ഒന്നിന് വിപുലമായ അനുശോചനയോഗം സംഘടിപ്പിക്കും. സാമൂഹിക രാഷ്ട്രീയ മേഖലയിലെ എല്ലാവരെയും പങ്കെടുപ്പിക്കും. ഓഗസ്റ്റ് ഒന്നു മുതല്‍ 10 വരെയാണ് അനുസ്മരണ പരിപാടികളെന്നും പരിപാടി തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ക്യാപിറ്റല്‍ പണിഷ്‌മെന്റ് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. 'വി എസിന്റെ സ്മാരകം കേരള മനുഷ്യ മനസ്സിലുണ്ട്. പ്രത്യേക സ്മാരകം പാര്‍ട്ടി ആലോചിക്കും. ക്യാപിറ്റല്‍ പണിഷ്‌മെന്റ് എന്ന സംഭവം ഉണ്ടായിട്ടില്ല. പിരപ്പന്‍കോട് മുരളി പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. അദ്ദേഹത്തിന് ഇപ്പോള്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് പോലുമില്ല. പറഞ്ഞത് ശുദ്ധ തോന്ന്യാസമാണ്', എം വി ഗോവിന്ദന്‍ പറഞ്ഞു.
ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ പ്രതി ചാടിയിട്ടുണ്ടെങ്കില്‍ വീഴ്ച പറ്റിയിട്ടുണ്ടാകുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. വീഴ്ച ഇല്ലെങ്കില്‍ എങ്ങനെ ചാടുമെന്നും ഗോവിന്ദച്ചാമി ചാടി എന്നുള്ളത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു. കുറച്ചുകഴിഞ്ഞ് പിടിച്ചു എന്നതും സത്യം. വീഴ്ച പറ്റുമെന്നും അത് ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കരുതെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാടിനെതിരെയും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ഇന്ത്യന്‍ ജനതയോട് കാണിക്കുന്ന പൗരാവകാശ ലംഘനമാണെന്നും നിലപാട് പ്രകോപകരവും പ്രതികാരപരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ആധുനിക സമൂഹത്തിന് ചേര്‍ന്നതല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
തീരുമാനം കേരളത്തെ ബാധിക്കും. അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ കൂടുതലും കേരളത്തിലാണ്. കേന്ദ്രത്തിന് വിഷയത്തില്‍ ശബ്ദിക്കാന്‍ ആകുന്നില്ല. യുകെ കരാര്‍ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമൊന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സാമ്രാജ്യത്ത രാജ്യങ്ങള്‍ വളര്‍ന്നുവരുന്ന രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ കാവി വല്‍ക്കരണം നടക്കുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടനകള്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും യുഡിഎഫ് കാവിവല്‍ക്കരണത്തിന്റെ പങ്കുപറ്റുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫിനെതിരെ യുഡിഎഫ് വര്‍ഗീയവാദികളെ കൂട്ടുപിടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസിന്റെ ജ്ഞാനസഭയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുക്കുന്നത് കേരളത്തിന് അപമാനകരമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇ എം എസ് ഒരിക്കല്‍ വിസിയെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി സര്‍വകലാശാലയില്‍ വന്ന് വിസിയെ കാണണം എന്നു പറഞ്ഞ പാരമ്പര്യമാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: M V Govindan about Govindanchamy