വീരമലക്കുന്നിലെ മണ്ണിടിച്ചിൽ; നിർദേശങ്ങൾക്ക് പുല്ലുവില നൽകി, ദേശീയപാത അതോറിറ്റിക്ക് വലിയ വീഴ്ച: റിപ്പോർട്ട്

പ്രദേശത്ത് വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ എൻഡിആർഎഫ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്

dot image

കാസർകോട്: ചെറുവത്തൂർ വീരമലക്കുന്നിലെ മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയ മണ്ണെടുപ്പെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ജില്ലാ ഭരണകൂടം നൽകിയ എല്ലാ നിർദേശങ്ങളും ദേശീയപാത അതോറിറ്റി അവഗണിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. നേരത്തെ മണ്ണിടിഞ്ഞപ്പോൾ മേഖലയിൽ ഡ്രോൺ പരിശോധന നടത്തി മലയിൽ വിള്ളലുണ്ടന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടർ വിശദമായ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ശേഷമാണ് വീണ്ടും മണ്ണിടിഞ്ഞത്.

കഴിഞ്ഞ ദിവസത്തെ മണ്ണിടിച്ചിലോടെ നിർമാണ ചുമതലയുള്ള മേഘ കൺസ്ട്രക്ഷൻസ് കമ്പനിക്കെതിരെ നടപടിയുണ്ടായേക്കുമെന്നും സൂചനയുണ്ട്. പ്രദേശത്ത് വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ എൻഡിആർഎഫ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

വീരമലക്കുന്നിന് സമീപത്തെ പ്രദേശവാസികളും ആശങ്കയിലാണ്. ജില്ലാ ഭരണകൂടം കാര്യക്ഷമമായി ഇടപെടുന്നില്ല എന്നാണ് പ്രദേശവാസികളുടെ ആരോപണം. വാട്ടർ അതോറിറ്റിയുടെ ടാങ്ക് കുന്നിലുണ്ട്. ഇതിനിടെയാണ് മലയിൽ വിള്ളലുണ്ട് എന്ന് കണ്ടെത്തിയിരിക്കുന്നത്. കുട്ടികൾ അടക്കം എല്ലാവരും ഭീതിയിലാണ് കഴിയുന്നത് എന്നും പ്രദേശവാസികൾ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ദേശീയപാത നിർമാണം നടക്കുന്ന ഭാഗത്തെ വീരമലക്കുന്നിൽ മണ്ണിടിച്ചിലുണ്ടായത്. ഒരു കാർ യാത്രക്കാരി അപകടത്തിൽപ്പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. നേരത്തെയും വീരമലക്കുന്നിൽ മണ്ണിടിഞ്ഞിരുന്നു. ദേശീയപാത നിർമാണം ഏറ്റെടുത്തുനടത്തുന്ന മേഘ കൺസ്ട്രക്ഷൻസിനെതിരെ അനധികൃത നിർമാണം എന്ന പരാതി അന്നുതന്നെ ഉയർന്നിരുന്നു.

Content Highlights: report against national highway on veeramalakunnu landslide

dot image
To advertise here,contact us
dot image