
ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ ഗസിയാബാദിൽ ‘വെസ്റ്റ് ആർക്ടിക്ക എന്ന ഇല്ലാത്ത രാജ്യത്തിൻ്റെ പേരിൽ വ്യാജ എംബസി നടത്തി അറസ്റ്റിലായ ഹർഷവർധൻ ജെയിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. വ്യാജ എംബസിയുടെ മറവിൽ ജെയിൻ വിദേശ ജോലി തട്ടിപ്പും ഹവാല ഇടപാടുകളും നടത്തിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. 2017 മുതൽ ഈ വ്യാജ എംബസി പ്രവർത്തിച്ചുവരികയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിയെന്നും പൊലീസ് പറഞ്ഞു. എംബസിക്ക് പുറത്ത് ഭണ്ഡാരങ്ങൾ സ്ഥാപിപിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതായും പൊലീസ് കണ്ടെത്തി.
ഗാസിയാബാദിലെ ഒരു വാടക കെട്ടിടത്തിലാണ് ജെയിൻ വ്യാജ എംബസി നടത്തിയിരുന്നത്. ഗ്രാൻഡ് ഡച്ചി ഓഫ് വെസ്റ്റാർട്ടിക്ക (എച്ച് ഇ എച്ച്‌വി ജെയിൻ ഓണററി കോൺസൽ) എന്ന് എഴുതിയ ഒരു നെയിം പ്ലേറ്റും വ്യാജ എംബസിയുടെ മുന്നിൽ ഉണ്ടായിരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ രാജ്യത്തിൻ്റെ പേരിലുള്ള പതാകയും ഇന്ത്യയുടെ ദേശിയ പതാകയും എംബസിയിൽ ഉയർത്തിയിരുന്നു. എട്ടുവർഷമാണ് ആർക്കും സംശയം തോന്നാത്തവിധം അധികാരികളുടെ കണ്ണിൽപൊടിയിട്ട് വെസ്റ്റ് ആർക്ടിക്കയുടെ ‘അംബാസഡർ’ ആയി ഹർഷവർധൻ വിലസിയത്. ആളുകളുടെ വിശ്വാസം നേടാൻ രാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റ് പ്രമുഖർ എന്നിവർക്കൊപ്പം നിൽക്കുന്ന മോർഫ് ചെയ്ത ചിത്രങ്ങളും ജെയിനിന്റെ ഓഫീസിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഹർഷവർധൻ പിടിയിലായതിന് പിന്നാലെ കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ 44.7 ലക്ഷം രൂപ, വിദേശ കറൻസി, 12 വ്യാജ നയതന്ത്ര പാസ്‌പോർട്ടുകൾ, 18 നയതന്ത്ര പ്ലേറ്റുകൾ, വ്യാജ സർക്കാർ രേഖകൾ എന്നിവ അധികൃതർ പിടിച്ചെടുത്തു. കുറച്ച് ദിവസം മുമ്പ് ‘വെസ്റ്റ് ആർക്ടിക്ക' എന്ന ഇൻസ്റ്റഗ്രം പേജിൽ ന്യൂഡൽഹിയിലെ കോൺസുലേറ്റ് ജനറലിൻ്റേതെന്ന പേരിൽ ജെയിൻ്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ലണ്ടൻ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ നിന്ന് എംബിഎ ബിരുദവും ഗസിയാബാദിലെ ഐടിഎസ് കോളജിൽ നിന്ന് എംബിഎ ബിരുദവും നേടിയിട്ടുള്ള ആളാണ് 47കാരനായ ഹര്‍ഷവര്‍ധൻ. ജെയിനിന്‍റെ പിതാവ് ഗസിയാബാദിലെ ഒരു ബിസിനസുകാരനായിരുന്നു. കുടുംബത്തിന് രാജസ്ഥാനിൽ മാർബിൾ ഖനികൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. എന്നാൽ പിതാവിന്‍റെ മരണശേഷം ബിസിനസ് നഷ്ടത്തിലായി. പിന്നീട് ലണ്ടനിലേക്ക് താമസം മാറുകയും നിരവധി കമ്പനികൾ തുടങ്ങുകയും ചെയ്തു. കണക്കിൽപ്പെടാത്ത പണം ഒളിപ്പിക്കാൻ ജെയിൻ ഈ കമ്പനികളെ ഉപയോഗിച്ചിരുന്നുവെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു.സൗദി ആയുധ ഇടപാടുകാരനായ അദ്‌നാൻ ഖഷോഗിയുമായും ചന്ദ്രസ്വാമിയുമായും ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോട്ടോകൾ ജെയിനിൽ നിന്ന് കണ്ടെത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദുബൈയിലും ജെയിൻ തന്റെ ബിസിനസ്സ് വികസിപ്പിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞതായാണ് റിപ്പോർട്ട്. 2011-ൽ നിയമവിരുമായി സാറ്റലൈറ്റ് ഫോൺ കൈവശം വെച്ചതിനും ജെയിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
യുഎസ് നാവിക ഉദ്യോഗസ്ഥനായ ട്രാവിസ് മക്ഹെൻ്റി 2001ൽ സ്ഥാപിച്ചതായി പറയുന്ന സാങ്കൽപിക രാജ്യമാണ് വെസ്റ്റ് ആർക്ടിക്ക. അന്റാര്‍ട്ടിക്കയില്‍ സ്ഥിതിചെയ്യുന്ന 'വെസ്റ്റ്ആര്‍ക്ടിക' 620,000 ചതുരശ്ര മൈല്‍ വിസ്തീര്‍ണവും 2356 പൗരന്മാരുമുള്ള രാജ്യമാണെന്നാണ് അവകാശവാദം.
Content Highlight : More evidence against Harshavardhan Jain for running a fake embassy