

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ഹർജിക്കാരോട് നിർദേശവുമായി ഹൈക്കോടതി. നിസാരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തി സിബിഐ അന്വേഷണം ആവശ്യപ്പെടരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ശബരിമല സ്വര്‍ണക്കൊളള കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. എസ്‌ഐടി അന്വേഷണം നടത്തുന്നത് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണെന്നും അന്വേഷണം എങ്ങനെയാണ് മുന്നോട്ടുപോകുന്നതെന്ന് ദേവസ്വം ബെഞ്ചിന് അറിയാമെന്നും കോടതി പറഞ്ഞു.
എസ്‌ഐടി അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. എസ്‌ഐടിയില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമല്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍സ് പറഞ്ഞു. ഹൈക്കോടതി ദേവസ്വം ബെഞ്ച് നേരിട്ടാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. അതിനാല്‍ സിബിഐ അന്വേഷണ ആവശ്യത്തെ എതിര്‍ക്കേണ്ടത് ഹൈക്കോടതിയാണെന്നും സര്‍ക്കാര്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊളള കേസില്‍ എസ്‌ഐടി അന്വേഷണത്തെയും ഹൈക്കോടതി പ്രശംസിച്ചു. എസ്‌ഐടിയുടേത് ഏറ്റവും വിശ്വാസയോഗ്യമായ അന്വേഷണമാണ് എന്നാണ് ഹൈക്കോടതി പറഞ്ഞത്. സിബിഐ അന്വേഷണത്തിനുളള ആവശ്യം കോടതി അംഗീകരിച്ചില്ല. സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരാണ് സിബിഐയില്‍ ഡെപ്യൂട്ടേഷനില്‍ പോകുന്നതെന്നും ഏറ്റവും വിശ്വാസ്യതയുളള ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു.
Content Highlights: Don't demand CBI investigation based on trivial matters: High Court to petitioners in Sabarimala case