
കൊച്ചി: എല്‍ഡിഎഫിനെക്കുറിച്ചുള്ള തന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയുടെ ഒരുഭാഗം ഒഴിവാക്കി അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ മുസ്‌ലിം വിരുദ്ധനാക്കി ചിത്രീകരിക്കുന്നത് ഒട്ടും നീതീകരിക്കാനാകില്ലെന്ന് മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്. 2010 ജൂലൈയില്‍ ഡല്‍ഹി കേരള ഹൗസിലെ വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയ മറുപടിയാണ് വി എസിന്റെ വിയോഗ വേളയിലും തെറ്റായി ചിത്രീകരിച്ച് പ്രരിപ്പിക്കുന്നതെന്ന് എംസിഎ നാസര്‍ ഫേസ്ബുക്കില്‍ക്കുറിച്ചു. വി എസിന്റെ മറുപടി സംഘപരിവാര്‍ ദുരുപയോഗം ചെയ്യുമോയെന്ന ആശങ്ക അന്നുതന്നെ ഉണ്ടായിരുന്നുവെന്നും പേടിച്ചത് തന്നെ സംഭവിച്ചുവെന്നും അദ്ദേഹം പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം-
2010
July 24.
ഡൽഹിയിൽ “മാധ്യമ” ത്തിന്റെ റിപ്പോർട്ടറാണ് ഞാൻ.
വൈകീട്ട് ദൽഹി കേരള ഹൗസിൽ ആയിരുന്നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വാർത്താ സമ്മേളനം. തൊട്ടടുത്തുള്ള റാഫി മാർഗിലെ ഐ എൻ എസ് ബിൽഡിങ്ങിൽ നിന്ന് നേരത്തെ തന്നെ അവിടെയെത്തി.
വളരെ ഉന്മേഷഭരിതനായാണ് വി എസ് വന്നുകയറിയത്.
ദൽഹിയിൽ വന്നതിന്റെ ഔദ്യോഗിക വിവരങ്ങളും മറ്റും ആദ്യം പങ്കുവച്ചു.
തുടർന്ന് ചോദ്യങ്ങൾക്കുള്ള സമയം.
ആഗസ്റ്റ് 15 ന്റെ സ്വാതന്ത്യദിനത്തിന് കേരളത്തിൽ എൻ. ഡി എഫ് പ്രഖ്യാപിച്ച പരേഡും അതിനെതിരായ ചില പ്രതികരണങ്ങളും അന്ന് വലിയ വാർത്തയായിരുന്നു.
അത് മുൻനിർത്തിയാണ് വി എസിനോട് ഞാൻ ചോദ്യം ചോദിച്ചത്.
എൻ ഡി എഫ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്ത പരാമർശിച്ചു കൊണ്ടു തന്നെയായിരുന്നു എന്റെ ചോദ്യം. എൻ ഡി എഫ് പ്രവർത്തനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടാണ് വി എസ് അന്ന് അതിന് മറുപടി നൽകിയതും. വളരെ വിശദമായി വി എസ് ആ ചോദ്യത്തോട് പ്രതികരിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.
അന്ന് ആഭ്യന്തര വകുപ്പിന്റെ തലപ്പത്തുള്ള സംഘ് താൽപ്പര്യമുള്ള ഉദ്യോഗസ്ഥർ കൈമാറിയ വിവരങ്ങൾ കൂടി ചേർത്തായിരിക്കണം വി എസ് വിശദ മറുപടി പറഞ്ഞത്.
ഒരു പക്ഷെ, ആ മറുപടി സംഘ് പരിവാർ മറ്റു വിധത്തിൽ ദുരുപയോഗം ചെയ്തേക്കുമോ എന്ന ആശങ്ക അന്ന് തിരികെ ഓഫീസിലേക്ക് മടങ്ങുമ്പോൾ ഉള്ളിൽ ഉണ്ടായിരുന്നു. പേടിച്ചത് തന്നെ സംഭവിച്ചു.
വി എസ് പറഞ്ഞതിന്റെ ആദ്യഭാഗം ഒഴിവാക്കി തീവ്ര വലതുപക്ഷം അത് വ്യാപകമായി പ്രചരിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. വി എസിനെ മുസ്ലിം വിരുദ്ധനാക്കി ചിത്രീകരിക്കാൻ ഇപ്പുറത്തുള്ളവരും അതൊരു ആയുധമാക്കി.
വി എസിനോട് വിയോജിപ്പുകൾ ഉണ്ടാകാം. പക്ഷെ, ആ വാർത്താ സമ്മേളനത്തിൽ എൻ ഡി എഫിനെ കുറിച്ച എന്റെ ചോദ്യത്തിന് നൽകിയ മറുപടിയിൽ ഒരു ഭാഗം കട്ട് ചെയ്തെടുത്ത് വി എസിനെ തികഞ്ഞ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കുന്നത് ഒട്ടും
നീതീകരിക്കാനാകില്ല.
എം സി എ നാസർ
Content Highlights: Journalist Mca Nazer Abdul about campaign against v s achuthanandan