
തിരുവനന്തപുരം: വിതുരയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം മൂലം യുവാവിന് ചികിത്സ വൈകിയെന്ന ആരോപണങ്ങളെ തള്ളി സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കുടുംബത്തിനു പോലും അങ്ങനെയൊരു പരാതിയില്ല. മരണത്തെപ്പോലും ഉപയോഗിക്കുന്ന സിപിഐഎം നേതൃത്വത്തിനു കഴുകന്റെ മനസ്സാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ആരോഗ്യ മേഖലയുടെ അവസ്ഥ മറിച്ചുപിടിച്ച് കോണ്‍ഗ്രസിന്റെ സമരത്തെ പൊളിക്കാനുള്ള ആയുധം ആക്കി മാറ്റുകയാണ്. എന്നാല്‍ സമരം തുടരും. ആംബുലന്‍സിന്റെ അവസ്ഥ മോശമായിരുന്നുവെന്നും അത് മറിഞ്ഞൊരാപകടം ഇല്ലാതാക്കാന്‍ ആണ് സമരമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
അതേസമയം ബിനുവിന്റെ മരണത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ പരാതി നല്‍കാന്‍ സിപിഐ നേതാവ് ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി ബിനുവിന്റെ സഹോദരി രംഗത്തെത്തി. സിപിഐ നേതാവ് രാഞ്‌ജേഷിനെതിരെയാണ് ബിനുവിന്റെ സഹോദരിയുടെ ആരോപണം. വീട്ടിലെത്തി പരാതിയില്‍ ഒപ്പുവെക്കാന്‍ ആവശ്യപ്പെട്ടതായാണ് ആരോപണം. സിപിഐ നേതാവിന്റെ ആവശ്യം നിരാകരിച്ചെന്നും ബിനുവിന്റെ സഹോദരി പറയുന്നു.
എന്നാല്‍ സംഭവത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ലാല്‍ റോഷി ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.അത്യാഹിത വിഭാഗത്തില്‍ വന്ന രോഗിയെ ആബുലന്‍സില്‍ കയറ്റാന്‍ സമ്മതിക്കാതെ സംഘം ചേര്‍ന്ന് വാഹനം തടഞ്ഞതിനും മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ ഉളളവരുടെ ഡൂട്ടി തടസപ്പെടുത്തിയതിനുമാണ് കേസ്. ഹോസ്പിറ്റല്‍ ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ പരാതിയിലാണ് വിതുര പോലീസിന്റെ നടപടി.
Content Highlights: Youth Congress Rahul Mamkootathil denies allegations that vithura Binu's treatment was delayed