'മാതാപിതാക്കള്‍ ചേതനയറ്റ് കിടന്നപ്പോള്‍ ഇല്ലാത്ത വേദന'; വൈകാരിക കുറിപ്പുമായി വി എസിന്റെ മുൻ പിഎ സുരേഷ് കുമാർ

വി എസിന് പകരം വെയ്ക്കാൻ ഒരേ ഒരു വി എസ് മാത്രമുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

dot image

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മുന്‍ പിഎ എ സുരേഷ് കുമാര്‍. തന്റെ മാതാപിതാക്കള്‍ മരിച്ചപ്പോള്‍ ഇല്ലാത്തത്ര വേദനയാണ് വി എസിന്റെ വേര്‍പാടില്‍ അനുഭവിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. വി എസിന് പകരംവെയ്ക്കാൻ ഒരേ ഒരു വി എസ് മാത്രമേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി എസിനെ ആരോഗ്യ പ്രശ്നങ്ങളാൽ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ അവിടെയുണ്ടായിരുന്ന സുരേഷ് കുമാർ മരണദിവസത്തെ അനുഭവങ്ങളും പങ്കുവെച്ചു. പ്രതിപക്ഷ നേതാവായിരിക്കെയും പിന്നീട് മുഖ്യമന്ത്രിയായപ്പോഴും വര്‍ഷങ്ങളോളം വി എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റായിരുന്നു എ സുരേഷ്. 2002-ലാണ് ആദ്യമായി വി എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റാകുന്നത്. പിന്നീട് പാര്‍ട്ടി നടപടിക്ക് വിധേയമാവുകയും ചെയ്തിരുന്നു.

എ സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം


പ്രതീക്ഷകള്‍ വിഫലമായി...
വല്ലാത്ത അനാഥത്വം അനുഭവിക്കുന്നു…
മാതാപിതാക്കള്‍
ചേതനയറ്റ് കിടന്നപ്പോള്‍ ഇല്ലാത്ത വേദന..
ഇന്നും പതിവ് പോലെ എസ് യു ടി യില്‍ രാവിലെ മുതല്‍ ഉണ്ട്. ഒരു പന്ത്രണ്ട് മണി ആയെന്ന് തോന്നുന്നു.

വി എസിന്റെ രക്ത സമ്മര്‍ദത്തില്‍ നേരിയ വ്യതിയാനം ഉണ്ടന്ന് അറിഞ്ഞു.
വലിയ പ്രശ്‌നം തോന്നിയില്ല.
രണ്ട് മണിയായപ്പോള്‍ അദ്ദേഹത്തിന്റെ രക്തസമ്മര്‍ദം കുറയുന്നില്ല എന്നറിഞ്ഞു.
മനസ്സു വല്ലാതെ പിടഞ്ഞു.
ഒരു വല്ലാത്ത നീറ്റല്‍.
ഒറ്റക്കായിരുന്നു.
വിനോദിനെയും ശശി മാഷെയും വിളിച്ചു വിവരം പറഞ്ഞു. പിന്നീട് സിഎമ്മും ഗോവിന്ദന്‍ മാഷ് ഉള്‍പ്പെടെ ഉള്ള പാര്‍ട്ടി നേതാക്കളും ആശുപത്രിയില്‍ എത്തി.
മനസ്സ് പതറി.
3.20ന് സഖാവ് പോയി.
അപ്പോഴും ഇപ്പോഴും വിശ്വസിക്കാന്‍ ആവുന്നില്ല.
ചേതനയറ്റ സഖാവിനെ കാണാന്‍ എസ് യു ടി യില്‍ കാത്ത് നില്‍ക്കുന്നു.
മണ്ണിനും മനുഷ്യനും ഇനി ആര് കാവല്‍ നില്‍ക്കും.
അശരണര്‍ക്ക് അഭയമായി ഇനി ആരുണ്ടാവും.

പാര്‍ശ്വവൽകരിക്കപ്പെട്ടവന്റെ കരച്ചില്‍ ഇനി ആര് കേള്‍ക്കും
സ്ത്രീത്വം അപമാനിക്കപ്പെടുമ്പോള്‍ അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആരുണ്ടാവും.
വി എസിന് പകരംവെയ്ക്കാന്‍ ഒരേ ഒരു വി എസ് മാത്രം..
കണ്ണേ കരളേ വി എസ്സേ

Content Highlights: VS's PA Suresh Kumar shares an emotional note

dot image
To advertise here,contact us
dot image