അവകാശ സമര പോരാട്ടങ്ങളുടെ മുൻ നിര പോരാളി; നിലയ്ക്കാത്ത സമരങ്ങളുടെ ഉറവ വറ്റാത്ത ഊർജം: മന്ത്രി ഒ ആർ കേളു

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് ആദരാഞ്ജലികള്‍ നേര്‍ന്ന് മന്ത്രി ഒ ആർ കേളു

dot image

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് ആദരാഞ്ജലികള്‍ നേര്‍ന്ന് പട്ടികജാതി, പട്ടികവർഗ വകുപ്പ് മന്ത്രി ഒ ആർ കേളു. അടിസ്ഥാന ജന വിഭാഗങ്ങളുടെ അവകാശ സമര പോരാട്ടങ്ങളുടെ മുൻ നിര പോരാളിയാണ് വി എസെന്ന് ഒ ആർ കേളു എഫ്ബിയിൽ കുറിച്ചു.

'നിലയ്ക്കാത്ത സമരങ്ങളുടെ ഉറവ വറ്റാത്ത ഊർജമായിരുന്നു വി എസ് എന്ന രണ്ടക്ഷരം. ആ രണ്ടക്ഷരം അടിച്ചമർത്തപ്പെട്ടവരുടെ വേദനകളുടെയും പ്രതിസന്ധികളുടെയും മുന്നിലെ ആശാ കേന്ദ്രമായിരുന്നു. പ്രിയ സഖാവേ ഹൃദയത്തിൽ നിന്നും ലാൽ സലാം' ഒ ആർ കേളു കുറിച്ചു.

ഇന്ന് ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വി എസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.

വി എസിന്റെ വിയോഗത്തിൽ സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നെകോഷ്യബിൾ ഇന്‍സ്ട്രുമെന്റസ് ആക്ട് പ്രാരമുള്ള സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി നാളെ (22-07-25) സംസ്ഥാനത്ത് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read:

2025 ജൂലൈ 22 മുതല്‍ സംസ്ഥാനമൊട്ടാകെ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമായിരിക്കും. സംസ്ഥാനമൊട്ടാകെ ദേശീയ പതാക താഴ്ത്തിക്കെട്ടും. നാളെ കെഎസഇബിയുടെ ക്യാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ലെന്നും ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലൂടെ പണമടയ്ക്കാവുന്നതാണെന്നും കെഎസ്ഇബി അറിയിച്ചു. ജൂലൈ 23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും ഇന്റര്‍വ്യൂവും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights:  O R Kelu about VS Achuthanandan

dot image
To advertise here,contact us
dot image