മണ്ണിലധ്വാനിക്കുന്ന ജനതയുടെയാകെ വികാരവായ്പായിരുന്ന പോരാളി; റെഡ് സല്യൂട്ട്: മന്ത്രി ആർ ബിന്ദു

'കേരളത്തെ ചുകപ്പിച്ച ചരിത്ര പോർമുഖങ്ങളിലെ ഉജ്ജ്വലനായകാ, അങ്ങയുടെ നാമം എന്നും ഈ മണ്ണിലും ഈ നെഞ്ചിലും അനശ്വരമായിരിക്കും'

dot image

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്‌റെ വിയോഗത്തിൽ അനുശോചിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. മണ്ണിലധ്വാനിക്കുന്ന ജനതയുടെയാകെ വികാരവായ്പായിരുന്ന പോരാളിയായിരുന്നു വി എസ് എന്ന് ആർ ബിന്ദു ഫേസ്ബുക്കിൽ കുറിച്ചു.

'തൊഴിലാളി വർഗ പ്രസ്ഥാനത്തിനും മാനവവിമോചന പോരാട്ടത്തിന്റെ പാതയിലുള്ള ഏവർക്കും കണ്ണും കരളുമായി പതിറ്റാണ്ടുകൾ നിലകൊണ്ട വിപ്ലവ സൂര്യൻ അണഞ്ഞിരിക്കുന്നു. മണ്ണിലധ്വാനിക്കുന്ന ജനതയുടെയാകെ വികാരവായ്പായിരുന്ന പോരാളി നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. പുഴുക്കൾക്ക് തുല്യമായി ജീവിതം നയിക്കേണ്ടിവന്ന അധ്വാനവർഗ ജനതയ്ക്ക് ആത്മാഭിമാനത്തിന്റെ ചെങ്കൊടി നെഞ്ചിലേറ്റാനും, തുല്യതയുടെയും സമഭാവനയുടെയും ഇടങ്ങൾ സ്വായത്തമാക്കാനും നടന്ന പോരാട്ട ചരിത്രത്തിലെ സുവർണ നാമധേയമായിരുന്നു സഖാവ് വി എസ്.

കേരളത്തെ ചുകപ്പിച്ച ചരിത്ര പോർമുഖങ്ങളിലെ ഉജ്ജ്വലനായകാ, അങ്ങയുടെ നാമം എന്നും ഈ മണ്ണിലും ഈ നെഞ്ചിലും അനശ്വരമായിരിക്കും.റെഡ് സല്യൂട്ട്!', മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ന് ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വി എസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.

Content Highlights- 'The warrior who was the inspiration for the entire people who work the land has left us'; R Bindu

dot image
To advertise here,contact us
dot image