'ഉദ്യോഗസ്ഥർ നന്നാവില്ല'; റോഡിലെ കുഴിയിൽ വീണ് പരിക്ക്; പിന്നാലെ മന്ത്രി റിയാസിന് കത്തെഴുതി സിപിഐഎം പ്രവർത്തകൻ

പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് അദ്ദേഹം ആരോപിക്കുന്നത്

dot image

ഒറ്റപ്പാലം: റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റതിന് പിന്നാലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് തുറന്ന കത്തുമായി സിപിഐഎം പ്രവർത്തകൻ. ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ പിലാത്തറ സ്വദേശി കബീറാണ് ഫേസ്ബുക്കിൽ കുറിപ്പിട്ടത്.

പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്ക് പരിഹാരം കാണണമെന്നും കബീർ ആവശ്യപ്പെട്ടിട്ടുണ്ട്.

'എനിക്കു പറ്റിയ അപകടത്തിൻ്റെ ഉത്തരവാദി ഒറ്റപ്പാലം പിഡബ്ല്യുഡി എഇയും മറ്റ് ഉദ്യോഗസ്ഥരും തന്നെയാണ്. ഞാൻ പല തവണ വിളിച്ച് അദ്ദേഹത്തോട് ഈ കുഴികളുടെ കാര്യം സൂചിപ്പിച്ചപ്പോൾ എത്രയും പെട്ടെന്ന് അടയ്ക്കാം എന്ന് പറഞ്ഞതാണ്. ഇതുവരെയും അദ്ദേഹത്തിന് കുഴികൾ അടയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ന് ഞാൻ വീണത്തിന് ശേഷവും അദ്ദേഹത്തെ വിളിച്ച് പറഞ്ഞിട്ടുണ്ട്', കബീർ കുറിച്ചു. ഇതെല്ലാം ശരിയാക്കാൻ ആരെങ്കിലും അപകടം പറ്റി മരിക്കുന്നതുവരെ കാത്തു നിൽക്കുകയാണെന്ന് തോന്നുന്നുവെന്നും സർക്കാർ എത്ര നന്നായിട്ടും കാര്യമില്ലെന്നും ഉദ്യോഗസ്ഥർ നന്നാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കബീറിന്റെ ഫേസ്ബുക്ക് കുറിപ്പ്

PWD ഉദ്യോഗസ്ഥരുടെ അനാസ്ഥ..
ഇന്നു രാത്രി പൂളകുണ്ട് ഡബിൾ പോസ്റ്റ് കഴിഞ്ഞ് കാഞ്ഞിര കടവിലേക്ക് വരുമ്പോൾ റോഡിൽ ഉളള കുഴിയിൽ പെട്ട് ബൈക്കിൻ്റെ നിയന്ത്രണം പോയി റോട്ടിൽ വീണു എനിക്കു പറ്റിയ അപകടത്തിൻ്റെ ഉത്തരവാദി ഒറ്റപ്പാലം PWD AE യും മറ്റ് ഉദ്യോഗസ്ഥരും തന്നെയാണ്. ഞാൻ പല തവണ വിളിച്ച് അദ്ദേഹത്തോട് ഈ കുഴികളുടെ കാര്യം സൂചിപ്പിച്ചപ്പോൾ എത്രയും പെട്ടെന്ന് അടക്കാം എന്ന് പറഞ്ഞതാണ്. ഇത് വരേയും അദ്ദേഹത്തിന് കുഴികൾ അടക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ന് ഞാൻ വീണത്തിന് ശേഷവും അദ്ദേഹത്തിന് വിളിച്ച് പറഞ്ഞിട്ടുണ്ട്.ആരെങ്കിലും അപകടം പറ്റി മരണപ്പെടുന്നത് കാത്ത് നിൽക്കുകയാണെന്ന് തോന്നുന്നു. ഇതെല്ലാം ശരിയാക്കാൻ..
സർക്കാര് ഏത്ര നന്നായിട്ടും കാര്യമില്ല..
ഉദ്യോഗസ്ഥർ നന്നാവില്ല.

ഒറ്റപ്പാലം ചുനങ്ങാട് പൂളക്കുണ്ട് ഡബിൾ പോസ്റ്റിന് സമീപത്തെ കുഴിയിൽപ്പെട്ടായിരുന്നു കബീറിന് അപകടമുണ്ടായത്. ഒറ്റപ്പാലത്ത് നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് കുഴിയിൽ ചാടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കൈക്കും കാലിനും മുറിവേറ്റിരുന്നു. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.

തെറിച്ച് റോഡിൽ വീണ ഘട്ടത്തിൽ എതിരെ വന്ന ഓട്ടോറിക്ഷ വെട്ടിച്ച് മാറ്റിയതും വലിയ അപകടം ഒഴിവാക്കി. റോഡിൽ അപകട ഭീഷണി ഉയർത്തിക്കൊണ്ട് ഒട്ടേറെ കുഴികളുണ്ട്. കുഴികൾ അടയ്ക്കണമെന്ന് പിഡബ്ല്യുഡിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ലെന്നാണ് ഉയരുന്ന ആക്ഷേപം.

Content Highlights: CPIM member's letter to Minister Muhammad Riyas after falling into a pothole on the road

dot image
To advertise here,contact us
dot image