സ്‌കൂള്‍ സമയമാറ്റം; 'മതപഠനം കഴിഞ്ഞുമതി പൊതുപഠനം എന്നാണോ?', സമസ്തയ്‌ക്കെതിരെ ദീപിക മുഖപ്രസംഗം

മതപഠനത്തിന് മതം നിഷ്‌കര്‍ഷിക്കുന്ന അത്രയും സമയം ഉണ്ടാക്കിക്കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് വാദിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിയതെന്നും ദീപികയിൽ വിമർശനം

dot image

കൊച്ചി: സ്‌കൂള്‍ സമയ മാറ്റത്തില്‍ സമസ്തയുടെ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ദീപിക ദിനപത്രം. സമയമാറ്റത്തിലെ അധിക അരമണിക്കൂര്‍ വൈകുന്നേരത്തേക്ക് മാറ്റണമെന്ന നിര്‍ദേശം മതേതരത്വ വിരുദ്ധമാണെന്ന് ദീപിക മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. പൊതു വിദ്യാഭ്യാസ സമയം മതപഠനത്തിന് അനുസരിച്ച് ക്രമീകരിക്കണമെന്ന് പറയുന്നത് ആശ്ചര്യമാണ്. ജനാധിപത്യവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും മാറ്റരുതെന്ന് പറയുന്നവര്‍ തന്നെ മതപഠനം കഴിഞ്ഞുമതി പൊതുപഠനം എന്നു പറയുകയാണോ എന്നും ദീപിക കുറ്റപ്പെടുത്തി.

മതപഠനത്തിന് മതം നിഷ്‌കര്‍ഷിക്കുന്ന അത്രയും സമയം ഉണ്ടാക്കിക്കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് വാദിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. മറ്റു മതസ്ഥര്‍ തങ്ങളുടെ ആരാധനകള്‍ക്കും മതപഠനങ്ങള്‍ക്കും ഒഴിവുദിവസങ്ങളിലാണ് സമയം കണ്ടെത്തിയിട്ടുള്ളത്. അതുപോലും സര്‍ക്കാര്‍ പലപ്പോഴും പ്രവൃത്തിദിനമാക്കിയിട്ടുണ്ട്. അതേസമയം, വെള്ളിയാഴ്ചകളില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് പ്രാര്‍ഥിക്കുന്നതിനുവേണ്ടി അധ്യയന സമയം ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്. പുതിയ സ്‌കൂള്‍ ക്രമത്തിലും അത് ഒഴിവാക്കികൊടുത്തിട്ടുണ്ട്. സമാന ആവശ്യം എല്ലാവരും ഉന്നയിച്ചാല്‍ കാര്യങ്ങള്‍ എവിടെയെത്തുമെന്നും ദീപിക മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.

സിബിഎസ്ഇയില്‍ ഉള്‍പ്പെടെ കേന്ദ്ര സിലബസില്‍ പഠിക്കുന്ന മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് മതപഠനത്തിനു സമയമില്ലെങ്കിലും ആര്‍ക്കും പരാതിയുള്ളതായി കേട്ടിട്ടില്ലെന്നും ദീപിക ചൂണ്ടികാട്ടി. കൊവിഡ് കാലത്തേതെന്നപോലെ ഓണ്‍ലൈന്‍ മദ്രസ പഠനവും പലരും നിര്‍ദേശിക്കുന്നുണ്ട്. ഇതൊന്നും സ്വീകാര്യമല്ലെങ്കില്‍ മതപഠനത്തെ പൊതുവിദ്യാഭ്യാസവുമായി കൂട്ടിക്കുഴയ്ക്കാത്തവരുടെ ചെലവില്‍ മദ്രസ പഠനത്തിന് സമയം കണ്ടെത്താന്‍ ശ്രമിക്കരുത്. വിഷയത്തില്‍ ന്യായമുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ സമസ്തയ്ക്കും സമാന സംഘടനകള്‍ക്കും കോടതിയെ സമീപിക്കാമെന്നും എഡിറ്റോറിയല്‍ നിര്‍ദേശിക്കുന്നു. ഞായറാഴ്ചകളെയും വിശുദ്ധ ദിനങ്ങളെയും പോലും പ്രവൃത്തിദിനമാക്കിയിട്ടുള്ള സര്‍ക്കാരിന്റെ തീരുമാനം അറിയാന്‍ കൗതുകമുണ്ടെന്നും എഡിയോറ്റിയല്‍ ഉന്നയിക്കുന്നു.

Content Highlights: Deepika Editorial Against Samastha Stand over school Time Change

dot image
To advertise here,contact us
dot image