വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, മകളെ ഷാർജയിൽ സംസ്കരിക്കും; ഹൈക്കോടതി ഹർജി തീർപ്പാക്കി

വിപഞ്ചികയുടെയും മകള്‍ വൈഭവിയുടേയും മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിപഞ്ചിക ബന്ധുവാണ് ഹൈക്കോടതിയിൽ ഹർ‌ജി നൽകിയത്

dot image

കൊച്ചി: ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാൻ എംബസി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വിപഞ്ചിക മണിയൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനും മകൾ വൈഭവിയുടെ മൃദേഹം ഷാ‍ർ‌ജയിൽ സംസ്കരിക്കാനും നേരത്തെ ഇന്ത്യൻ എംബസിയിൽ നടന്ന മധ്യസ്ഥ ച‍ർച്ചയിൽ തീരുമാനം ആയിരുന്നു. ഇക്കാര്യം ഇന്ത്യൻ എംബസി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു. ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെയും മകള്‍ വൈഭവിയുടേയും മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിപഞ്ചികയുടെ ബന്ധുവാണ് ഹൈക്കോടതിയിൽ ഹർ‌ജി നൽകിയത്.

വിപഞ്ചികയുടേയും മകളുടേയും മരണം സംശയാസ്പദമായ സാഹചര്യത്തിലാണെന്നും കൊലപാതകമാണോ എന്ന് സംശയിക്കുന്നതിനാല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവിന്റെ സഹോദരിയാണ് ഹൈക്കോടതില്‍ ഹര്‍ജി നല്‍കിയത്. ഭര്‍ത്താവിന്റെയും എംബസിയുടേയും നിലപാട് അറിയണമെന്ന് നേരത്തെ സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എന്‍ നഗരേഷിൻ്റെ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്.

ജൂലൈ എട്ടിനായിരുന്നു ഷാര്‍ജയിലെ താമസ സ്ഥലത്ത് വിപഞ്ചികയേയും മകളേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ഇതില്‍ സ്ത്രീധനത്തിന്റെ പേരില്‍ നേരിടേണ്ടിവന്ന ക്രൂരതകളെക്കുറിച്ച് വിപഞ്ചിക എഴുതിയിരുന്നു. ഭര്‍ത്താവിന്റെ പിതാവില്‍ നിന്നുണ്ടായ മോശം അനുഭവം അടക്കം വിപഞ്ചിക കുറിച്ചിരുന്നു.

വിപഞ്ചികയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് നിധീഷിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. നിലവില്‍ ഷാര്‍ജയിലാണ് നിധീഷും കുടുംബവും. ഇന്നലെ കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കുന്നതിനായി നിധീഷും കുടുംബവും ശ്രമം നടത്തിയിരുന്നു. ഇതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും സംസ്‌കാരം തടയണമെന്നുമാവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മ ശൈലജ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ചിരുന്നു. ഇതോടെ സംസ്‌കാരം മാറ്റി. ഇതിന് പിന്നാലെയാണ് വിപഞ്ചികയുടെ കുടുംബം ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

Content Highlights: Vipanchika's body will be brought kollam

dot image
To advertise here,contact us
dot image