
സനാ: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് അമ്മ പ്രേമകുമാരി. വധശിക്ഷ നീട്ടിവെക്കുമെന്ന് കഴിഞ്ഞ ദിവസം സൂചന ലഭിച്ചിരുന്നെന്നും എല്ലാവരും കൈകോര്‍ത്തുപിടിച്ച് മകളെ രക്ഷിച്ചുതരണമെന്ന് അപേക്ഷിക്കുകയാണെന്നും നിമിഷപ്രിയയുടെ അമ്മ പറഞ്ഞു. 'ഒരുപാടുപേരുടെ ഇടപെടലുണ്ടായെന്ന് അറിയാം. എല്ലാവരുടെയും പ്രാര്‍ത്ഥനയും കഷ്ടപ്പാടും വെറുതെയാവില്ല. അവളെ രക്ഷിച്ച് നാട്ടിലേക്ക് എത്തിക്കാനായി കാത്തിരിക്കുകയാണ് ഇവിടെ. ഒരുമാസത്തേക്കാണ് സര്‍ക്കാര്‍ എന്നെ യെമനിലേക്ക് അയച്ചിരിക്കുന്നത്. പക്ഷെ നിമിഷയെയും കൊണ്ട് തിരിച്ചുവരണമെന്ന് ആഗ്രഹിച്ചാണ് ഇവിടെയിരിക്കുന്നത്'- പ്രേമകുമാരി പറഞ്ഞു. യെമനില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു നിമിഷപ്രിയയുടെ അമ്മയുടെ പ്രതികരണം.
നിമിഷപ്രിയയുടെ വധശിക്ഷ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചിട്ടുണ്ടെന്നും ഇനി കുടുംബവുമായി ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ഭാഗമായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു. കുടുംബം മാപ്പുനല്‍കിയാല്‍ മാത്രമേ വധശിക്ഷയുടെ കാര്യത്തില്‍ അന്തിമതീരുമാനം ആവുകയുളളുവെന്നും തലാലിന്റെ കുടുംബവുമായി നേരത്തെ നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നെന്നും സാമുവല്‍ ജെറോം പറഞ്ഞു. 'കൊല്ലപ്പെട്ടയാളുടെ സഹോദരനുമായി രണ്ടുതവണ ചര്‍ച്ച നടത്തി. പിതാവുമായും ഷെയ്ഖുകളുമായും നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. അവര്‍ ദയാധനം സ്വീകരിച്ച് മാപ്പുനല്‍കാന്‍ തയ്യാറായില്ലെങ്കില്‍ അവരെ ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിയുന്നവരെ കണ്ടെത്തണം. അതാണ് ഏക വഴി'- സാമുവല്‍ ജെറോം പറഞ്ഞു. നിമിഷപ്രിയയുടെ അമ്മയ്‌ക്കൊപ്പം യെമനിലാണ് സാമുവല്‍ ജെറോമുളളത്.
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചുവെന്ന വാർത്ത ആശ്വാസകരമാണെന്നും മുന്നോട്ടുനീങ്ങാനുളള ഊര്‍ജം കിട്ടിയെന്നും ഭർത്താവ് ടോമി തോമസ് നേരത്തെ പ്രതികരിച്ചിരുന്നു. കാന്തപുരത്തിന് നിമിഷയെ രക്ഷിക്കാന്‍ കഴിയുമെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നും അദ്ദേഹം വിഷയത്തില്‍ ശക്തമായി ഇടപെട്ടെന്നും ടോമി പറഞ്ഞു. 'ഭാര്യയെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകും. എല്ലാവരും കഴിവിന്റെ പരമാവധി ചെയ്തു. ഉദ്ദേശിച്ച ഫലം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ചാണ്ടി ഉമ്മനും വിഷയത്തില്‍ ഇടപെട്ടിരുന്നു'- ടോമി തോമസ് പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങിയത്. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടല്‍ നടത്തുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ആക്ഷന്‍ കൗണ്‍സില്‍ നന്ദി അറിയിക്കുകയും ചെയ്തു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനു പിന്നാലെയാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കമായത്.
യെമനിലെ പ്രമുഖ സൂഫി പണ്ഡിതനായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോഗിക ചർച്ചകൾ കഴിഞ്ഞ ദിവസം യെമനിൽ ആരംഭിച്ചത്. ഗോത്ര നേതാക്കളും കൊല്ലപ്പെട്ട തലാലിൻ്റെ ബന്ധുക്കളും നിയമസമിതി അംഗങ്ങളും കുടുംബാംഗങ്ങളും ചർച്ചകളിൽ പങ്കെടുത്തു.ഉത്തര യെമനിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ വൈകാരികത ആളിക്കത്തിയ വിഷയമായിരുന്നു തലാലിൻ്റെ കൊലപാതകം. ഈ പശ്ചാത്തലത്തിൽ തലാലിൻ്റെ കുടുംബവുമായി സംസാരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. എന്നാൽ കാന്തപുരത്തിൻ്റെ ഇടപെടലോടെ കുടുംബവുമായി സംസാരിക്കാൻ സാധിച്ചു. ഇതാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെക്കുന്ന നീക്കങ്ങളിൽ നിർണ്ണായകമായത്.
Content Highlights: 'We are waiting to rescue her and bring her back': Nimishapriya's mother