
തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍ മണല്‍ക്കൊള്ള. അഷ്ടമുടി, വേമ്പനാട്ട് കായല്‍ കുഴിച്ച് വന്‍തോതില്‍ നാഷണല്‍ ഹൈവേ അതോറിറ്റി മണല്‍ കടത്തുന്നതായി റിപ്പോര്‍ട്ടര്‍ എസ്‌ഐടി അന്വേഷണത്തില്‍ കണ്ടെത്തി. കായലുകളില്‍ നിന്നും പടുകൂറ്റന്‍ ഡ്രഡ്ജറുകള്‍ ഉപയോഗിച്ചാണ് മണല്‍ ഖനനം ചെയ്യുന്നത്. ഒരുദിവസം 200 മുതല്‍ 300 ലോറികളിലായാണ് മണല്‍ കടത്തുന്നത്.
നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള റോഡുകള്‍ നിര്‍മ്മിക്കാനായാണ് മണല്‍ ഖനനം ചെയ്യുന്നത്. വന്‍കിട കരാറുകാര്‍ നാഷണല്‍ ഹൈവേ നിര്‍മാണത്തിനായി മണല്‍ കുഴിച്ചെടുക്കുന്നത് പൂര്‍ണമായും സൗജന്യമായാണ്. മണല്‍ ഖനനത്തിനായി ഒരു രൂപ പോലും വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. ഈ കായലുകളിലെ മണല്‍ റോഡ് നിര്‍മ്മാണത്തിന് അനുയോജ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വേമ്പനാട്ടു കായലില്‍ മണല്‍ ഖനനം നടക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടറേറ്റില്‍ ഫയലില്ല. വേമ്പനാട്ടുകായലില്‍ മൂന്ന് മാസമായി അനധികൃത മണല്‍ ഖനനം നടക്കുന്നതായും റിപ്പോര്‍ട്ടര്‍ എസ്‌ഐടി അന്വേഷണത്തില്‍ കണ്ടെത്തി. ആഴത്തിലുള്ള മണല്‍ ഖനനത്തിലൂടെ കായലിന്‌റെ തീരം ഇടിയുന്നുണ്ട്. ഒപ്പം മണല്‍ ഖനനം റോഡുകള്‍ക്കും ഭീഷണിയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യവും ലഭിക്കുന്നില്ല.
സൗജന്യമായി മണല്‍ ഖനനം ചെയ്യാന്‍ അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ സിപിഐഎം എംഎല്‍എ ചിത്തരഞ്ജനും രംഗത്ത് വന്നു. ഇനി മണലെടുത്താല്‍ കൊണ്ടുപോകുന്ന വണ്ടി കത്തിക്കുമെന്നാണ് ആലപ്പുഴ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എ പറഞ്ഞത്. നിലവില്‍ കര ഇടിയുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. റോഡില്‍ മണ്ണ് വീണ് അപകടം പതിവാകുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
content highlights: Vembanad Lake's sand is being extracted; 300 lorries of sand are transported