നിമിഷപ്രിയയുടെ മോചനം ഉമ്മൻ ചാണ്ടിയുടെ സ്വപ്നം; സാധ്യമാക്കാന്‍ വേണ്ടതെല്ലാം ചെയ്യും: ചാണ്ടി ഉമ്മൻ

മോചനത്തിന് വേണ്ട തുക താന്‍ കൊടുക്കാം എന്ന് രേഖമൂലം എഴുതി നൽകിരുന്നുവെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു

dot image

തൃശൂര്‍: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനം ഉമ്മന്‍ ചാണ്ടിയുടെ സ്വപ്‌നമായിരുന്നുവെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. അത് സാധ്യമാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും ഇതിനായി വിവിധ രാജ്യങ്ങളിലെ ജനപ്രതിനിധികളുമായി നേരത്തെ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. മോചനത്തിന് വേണ്ട തുക താന്‍ നൽകാം എന്ന് രേഖമൂലം എഴുതി കൊടുത്തിരുന്നു. പിന്നീട് കാര്യമായ ചലനം ഉണ്ടായില്ല. വധശിക്ഷ വിധിക്കുകയാണ് ചെയ്തതെന്നും ചാണ്ടി ഉമ്മന്‍ അറിയിച്ചു.

നിമിഷപ്രിയയുടെ വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെട്ടത് മനുഷ്യത്വപരമയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. 'ഗവര്‍ണറുടെ ഇടപെടലിന് ശേഷം എംബസിക്ക് കത്ത് നല്‍കാന്‍ സാധിച്ചു. കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിലൂടെ മത പണ്ഡിതരെ വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിന് ഇറക്കാനായി. റിയാദിലെ വ്യവസായി സാജന്‍ ലത്തീഫ് ഉള്‍പ്പെടെ ഈ കാര്യങ്ങളില്‍ ഇടപെടുന്നുണ്ട്. ഇപ്പോഴും പൂര്‍ണമായ ആശ്വാസം ഉണ്ടായിട്ടില്ല. ഇനിയും ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണ് ' ചാണ്ടി ഉമ്മന്‍ പറഞ്ഞു.

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ നേതാക്കളാണ് രംഗത്തെത്തിയത്. നിമിഷപ്രിയക്കായി ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, പാര്‍ലമെന്റ് അംഗങ്ങളായ കെ രാധാകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ്, കൊടിക്കുന്നില്‍ സുരേഷ്, എന്നിവരും ചാണ്ടി ഉമ്മന്‍ എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എന്നിവരും രംഗത്തെത്തിയിരുന്നു.

ഇന്ന് ഉച്ചയോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് ഉത്തരവ് പുറത്തിറങ്ങിയത്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള അനൗദ്യോ​ഗിക ചർച്ചകൾക്ക് തുടക്കം കുറിച്ചത്. യെമനിലെ പ്രമുഖ സൂഫി​ പണ്ഡിതനായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോ​ഗിക ചർച്ചകൾ കഴിഞ്ഞ ദിവസം യെമനിൽ ആരംഭിച്ചത്. ഗോത്ര നേതാക്കളും, കൊല്ലപ്പെട്ട തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അം​ഗങ്ങളും, കുടുംബാം​ഗങ്ങളും ചർച്ചകളിൽ പങ്കാളികളായിരുന്നു.

പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിയാണ് നിമിഷപ്രിയ. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശി ടോമിയെ കല്യാണം കഴിച്ച ശേഷം 2012ലാണ് നിമിഷപ്രിയയും ടോമിയും കുഞ്ഞും ചേർന്ന് യമനിലേക്ക് പോയത്. നാട്ടിൽ നഴ്സായിരുന്ന നിമിഷപ്രിയ അവിടെയും അതേ ജോലി തന്നെ ചെയ്ത് പോന്നു, ടോമി ഒരു സ്വകാര്യ കമ്പനിയിലും ജോലി നേടി. അതിനിടെയാണ് ഇവർ തലാൽ അബ്ദുൾ മഹ്ദി എന്ന യമൻ പൗരനെ പരിചയപ്പെടുന്നതും, കച്ചവട പങ്കാളിത്തത്തിൽ ഒരു ക്ലിനിക് തുടങ്ങാൻ തീരുമാനിക്കുന്നതും. യമനിൽ ആ നാട്ടിലെ തന്നെ ഒരാളുടെ സഹായമില്ലാതെ ക്ലിനിക് തുടങ്ങാൻ നിർവ്വാഹമില്ലാത്തതിനാലാണ് തലാലിന്റെ സഹായം തേടിയത്.

ക്ലിനിക് തുടങ്ങിയതിന് ശേഷം നിമിഷപ്രിയ തന്റെ ഭാര്യയാണെന്ന് തലാൽ എല്ലാവരെയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും, പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തു. പങ്കാളിത്തത്തിൽ തുടങ്ങിയ ക്ലിനിക്കിന്റെ വരുമാനം മുഴുവനായും തലാൽ സ്വന്തമാക്കാൻ തുടങ്ങി. പാസ്പോർട്ട് തട്ടിയെടുക്കുകയും, അവരുടെ പക്കലുണ്ടായിരുന്ന സ്വർണം വിൽക്കുകയും ചെയ്തു. സഹിക്കാൻ വയ്യെന്ന ഘട്ടത്തിൽ നിമിഷപ്രിയ അധികൃതർക്ക് പരാതി നൽകി, ഇതോടെ തലാൽ ശാരീരിക ഉപദ്രവങ്ങൾ ആരംഭിച്ചു. ജീവൻ അപകടത്തിലാവും എന്ന ഘട്ടത്തിലാണ് താൻ തലാലിനെ അപായപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയ വ്യക്തമാക്കിയിട്ടുള്ളത്.

തലാലിനെ കൊലപ്പെടുത്തി എന്നതാണ് നിമിഷപ്രിയയ്ക്കെതിരെയുള്ള കേസ്. തലാൽ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു, പാസ്പോർട്ട് പിടിച്ചുവച്ച് നാട്ടിലേക്ക് വിടാതെ പീഡിപ്പിച്ചു, ലൈംഗിക വൈകൃതങ്ങൾക്കിരയാക്കി, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തുടങ്ങിയ വാദങ്ങളായിരുന്നു നിമിഷപ്രിയയ്ക്കുണ്ടായിരുന്നത്. നിമിഷപ്രിയയെ കൂടാതെ ഇവരുടെ ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന ഹനാൻ എന്ന യമനി യുവതിയെയും തലാൽ നിരന്തരം മർദിച്ചിരുന്നു. തലാലിന്റെ ഉപദ്രവം അസഹനീയമായപ്പോൾ നിമിഷപ്രിയ ഹനാനൊപ്പം ചേർന്ന് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിൽ ഒളിപ്പിക്കുകയും ചെയ്തിരുന്നു. ദിവസങ്ങൾ പിന്നിട്ടതോടെ വാട്ടർ ടാങ്കിൽനിന്ന് ദുർഗന്ധം വന്നു. ഇതോടെ പ്രദേശവാസികൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് കൊലപാതകം പുറത്തറിഞ്ഞത്.

Content Highlights- 'Oommen Chandy's dream of Nimisha Priya's release will be fulfilled' Chandy Oommen

dot image
To advertise here,contact us
dot image