'എം ടി എഴുത്തിൽ ഒതുങ്ങാത്ത വ്യക്തിത്വം' ; എംടിയുടെ ജന്മദിനത്തിൽ സ്മരണയുമായി മുകുള്‍ കേശവൻ

ശിഥിലീകരിക്കപ്പെട്ട് തുടങ്ങിയ കേരളീയ വ്യക്തിത്വത്തിന്റെ രേഖപ്പെടുത്തലാണ് എംടിയുടെ നോവലുകളില്‍ കാണുന്നതെന്ന് സുനിൽ പി ഇളയിടം

dot image

ദയാപുരം: എഴുത്തിലൊതുങ്ങാത്ത മഹാവ്യക്തിത്വങ്ങളുടെ ഒരു പൈതൃകം ഇന്ത്യയിലെ പ്രാദേശികഭാഷകളിലുണ്ടെന്നും ഇഖ്ബാല്‍, ടാഗോര്‍, ശിവറാം കോറന്ത്, അനന്തമൂര്‍ത്തി തുടങ്ങിയവരുടെ ഈ നിരയില്‍ സ്ഥാനപ്പെടുത്തേണ്ട എഴുത്തുകാരനാണ് എം ടി വാസുദേവന്‍ നായര്‍ എന്നും പ്രമുഖ ഇംഗ്ലീഷ് എഴുത്തുകാരനും ചരിത്രകാരനുമായ മുകുള്‍ കേശവന്‍ പറഞ്ഞു. എംടിയുടെ ജന്മദിനത്തില്‍ ദയാപുരത്ത് ആരംഭിച്ച എംടി വാരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു കൈകൊണ്ടും 24 മണിക്കൂറും എഴുതിയെന്നു തോന്നിപ്പിക്കാവുന്നത്ര പേജുകള്‍ എഴുതുക, സിനിമയ്ക്ക് തിരക്കഥകള്‍ എഴുതുക, സംവിധാനം ചെയ്യുക, മാധ്യമങ്ങളില്‍ ജോലി ചെയ്യുക, സാഹിത്യ ഉത്സവങ്ങള്‍ നടത്തുക, സൂക്ഷ്മമായ അര്‍ത്ഥത്തില്‍ തീക്ഷ്ണമായി സാമൂഹ്യമാറ്റങ്ങളോടു പ്രതികരിക്കുക ഇതൊക്കെ ഒരുമിച്ചു ചെയ്ത ഒരാളെ ഓര്‍ക്കുകയെന്നാല്‍ അദ്ദേഹം പ്രവര്‍ത്തിച്ച പൊതുമണ്ഡലത്തെത്തന്നെ ആഘോഷിക്കുകയെന്നാണ്. ഒരേസമയം സ്വന്തം ഉള്ളിലേക്ക് നോക്കിയിരിക്കുമ്പോഴും പുറത്തുള്ള ലോകത്തെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയെന്നതാണ് എംടിയുടെ പ്രത്യേകതയായി തനിക്ക് തോന്നുന്നതെന്നു മുകുള്‍ കേശവന്‍ അഭിപ്രായപ്പെട്ടു. എം ടിയുടെ ശ്രദ്ധയുടെ വ്യാപ്തി തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ചുറ്റുമുള്ള മനുഷ്യരോടു മാത്രമല്ല ചെടികളോടും മരങ്ങളോടും മലകളോടും വരെ ഈ ശ്രദ്ധയുണ്ട്. മനുഷ്യര്‍ താന്‍ ജീവിച്ചുകൊണ്ടിരിക്കുന്ന ഗ്രഹത്തെ ഉള്ളില്‍നിന്ന് തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന സത്യം പറയാനുള്ള ഭാഷയ്ക്കായുള്ള അന്വേഷണം എംടിയില്‍ കാണാമെന്നും മുകുള്‍ കേശവന്‍ പറഞ്ഞു.

'സാഹിത്യം, ചലച്ചിത്രം, മതേതര സാമാന്യബോധം' എന്ന വിഷയത്തെപ്പറ്റി എന്‍പി ആഷ്ലിയുമായി നടത്തിയ ഒന്നാമത് എം ടി അനുസ്മരണ സംഭാഷണത്തില്‍ മതേതരത്വം/വര്‍ഗീയത എന്ന പരികല്പനയെ ബഹുസ്വരത/ ഭൂരിപക്ഷതാവാദം എന്ന സംജ്ഞയിലേക്ക് മാറ്റേണ്ടതിനെക്കുറിച്ച് മുകുള്‍ കേശവന്‍ സംസാരിച്ചു. ഭൂരിപക്ഷതാവാദം രാഷ്ട്രീയമായി നിര്‍മ്മിച്ചെടുക്കുന്നതാണ്. അത് ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയ ഇച്ഛയോ താൽപര്യമോ അല്ല. അതിന്റെ സാമാന്യബോധത്തെ ഗാന്ധി, അംബേദ്കര്‍, നെഹ്‌റു, ആസാദ് എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ബഹുസ്വരതയുടെ സാമാന്യബോധം കൊണ്ട് എതിര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശിഥിലീകരിക്കപ്പെട്ട് തുടങ്ങിയ കേരളീയവ്യക്തിത്വത്തിന്റെ രേഖപ്പെടുത്തലാണ് എംടിയുടെ നോവലുകളില്‍ കാണുന്നതെന്നും ആ അര്‍ത്ഥത്തിലാണ് അദ്ദേഹത്തിന്റെ കേരളീയതയെ വായിക്കേണ്ടതെന്നും 'എം ടിയും കേരളീയതയും' എന്ന പ്രഭാഷണത്തില്‍ സുനില്‍ പി ഇളയിടം നിരീക്ഷിച്ചു.

'എന്റെ പ്രിയപ്പെട്ട എംടി സിനിമകള്‍' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ജിയോ ബേബി, ഷാഹിന റഫീഖ്, എന്നിവര്‍ പങ്കെടുത്തു. എംജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് പ്രഫസര്‍ രോഹിത് പി മോഡറേറ്ററായിരുന്നു. ' എം ടി സ്ഥാപനങ്ങളും നിലപാടുകളും എന്ന ചര്‍ച്ചയില്‍ ഡോ. എം എം ബഷീര്‍, ഷഫീഖ് താമരശ്ശേരി എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങില്‍ ഡോ. എം എം ബഷീര്‍ അധ്യക്ഷത വഹിച്ചു. ദയാപുരം എം ടി വാരത്തിന്റെ ക്യൂറേറ്ററും ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് അധ്യാപകനുമായ എന്‍.പി ആഷ് ലി പരിപാടി അവതരിപ്പിച്ചു. ദയാപുരം പാട്രണ്‍ സി.ടി അബ്ദുറഹീം ഉപഹാരങ്ങള്‍ നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി ജ്യോതി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നിമ്മി ജോണ്‍ എന്നിവര്‍ സംസാരിച്ചു. കോളേജ് അധ്യാപകരായ ഗ്രീന രവി സ്വാഗതവും ശ്രീഷ്മ പി.വി നന്ദിയും പറഞ്ഞു.

Content Highlights- 'MT was a personality who was not limited to writing'; Mukul Kesavan remembers MT on his birthday

dot image
To advertise here,contact us
dot image