
കൊച്ചി: മൂണ്ടക്കൈ-ചൂരല്‍മല ഭവന നിര്‍മ്മാണ പദ്ധതിയുടെ ഫണ്ട് കൈമാറാത്ത നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസില്‍ നടപടി. 14 നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്‌പെന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ, മങ്കട, തിരൂരങ്ങാടി, തിരൂര്‍, താനൂര്‍, ചേലക്കര, ചെങ്ങന്നൂര്‍, കഴക്കൂട്ടം, കാട്ടാക്കട, വട്ടിയൂര്‍ക്കാവ്, കോവളം, ആറ്റിങ്ങല്‍, പുനലൂര്‍, കുണ്ടറ നിയോജക മണ്ഡലം പ്രസിഡന്റുമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഘടനാ പ്രവർത്തനത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് നടപടി.
ഓരോ നിയോജക മണ്ഡലം കമ്മിറ്റിയില്‍ നിന്നും കുറഞ്ഞത് 50,000 രൂപയെങ്കിലും കൈമാറാനായിരുന്നു നിര്‍ദേശം. ഇതുവരെയും തുക കൈമാറാത്ത കമ്മിറ്റികളുടെ അധ്യക്ഷന്മാര്‍ക്കെതിരെയാണ് നടപടി. യൂത്ത് കോണ്‍ഗ്രസ് ഭവന നിര്‍മ്മാണ ഫണ്ട് സമാഹരണം വിവാദമായതോടെയാണ് നടപടി.
ദുരന്തബാധിതര്‍ക്കായി 30 ഭവനങ്ങള്‍ നിര്‍മ്മിച്ചുനല്‍കുമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിരുന്നത്. ഇതിനായി ഇതുവരെയും 83 ലക്ഷം രൂപയാണ് യൂത്ത് കോണ്‍ഗ്രസ് സമാഹരിച്ചത്. വിവിധ ചാലഞ്ചുകള്‍ വഴി പണം സ്വരൂപിക്കാനായിരുന്നു നേതൃത്വം കമ്മിറ്റികളോട് നിര്‍ദേശിച്ചത്. തുക കൈമാറാത്ത കമ്മിറ്റികളുടെ അധ്യക്ഷന്മാര്‍ക്ക് എതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. പല നിയോജകമണ്ഡലം കമ്മിറ്റികള്‍ക്കും അരലക്ഷം രൂപ സമാഹരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം.
Content Highlights: mundakkai chooralmala Home construction Youth Congress suspends constituency presidents