അനെർട്ടിലെ പഴയ ക്രമക്കേടുകളിൽ അന്വേഷണം എങ്ങും എത്തിയില്ല; പി എം കുസും പദ്ധതിയിലെ ടെൻഡറിലും വൻ ക്രമക്കേട്

പൊതുമേഖലാ സ്ഥാപനമായ അനെർട്ടിൽ ക്രമക്കേടുകൾ വ്യാപകമായിട്ടും അന്വേഷണം എങ്ങുമെത്തുന്നില്ല

dot image

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ അനെർട്ടിൽ ക്രമക്കേടുകൾ വ്യാപകമായിട്ടും അന്വേഷണം എങ്ങുമെത്തുന്നില്ല. സോളാർ പ്ലാന്റ് ക്രമക്കേട്, സ്മാർട്ട് സിറ്റി പദ്ധതികളിലെ ക്രമക്കേടുകളിലാണ് അന്വേഷണം എങ്ങുമെത്താത്തത്. സ്മാർട്ട് സിറ്റി സോളാർ പ്ലാന്റ് സ്ഥാപിച്ചതിലും വലിയ ക്രമക്കേടാണ് നടന്നിരിക്കുന്നത് എന്ന വാർത്ത റിപ്പോർട്ടറാണ് പുറത്തുകൊണ്ടുവന്നത്. എല്ലാ ഫയലുകളും പർച്ചേസ് മാനേജരെയും ഫിനാൻസ് മാനേജരെയും നോക്കുകുത്തിയാക്കിക്കൊണ്ട് കൈകാര്യം ചെയ്തത് വെറും 89 ദിവസം മാത്രമുണ്ടായിരുന്ന താൽക്കാലിക ജീവനക്കാരാണ് എന്നും കണ്ടെത്തിയിരുന്നു.

കേന്ദ്രം നിശ്ചയിച്ച തുകയ്ക്കും വളരെ മുകളിലാണ് അനെർട്ട് സിഇഒ നരേന്ദ്ര വേലൂരി ടെണ്ടർ നിശ്ചയിക്കുന്നത്. നിർമ്മാണശേഷം പ്ലാന്റ് പരിശോധിക്കുന്നത് പോലും താത്കാലിക ജീവനക്കാരോ സ്വകാര്യ കമ്പനി പ്രതിനിധികളോ ആയിരിക്കും. അട്ടപ്പാടിയിൽ സോളാർ പ്ലാന്റ് സ്ഥാപിച്ചതിലും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. ഇത്രയും ആരോപണങ്ങൾ ഉയർന്നിട്ടും സിഇഒ ആ സ്ഥാനത്തുതന്നെ തുടരുകയുമാണ്.

240 കോടി രൂപയുടെ പി എം കുസും പദ്ധതിയിൽ അനെർട്ട് സിഇഒ നരേന്ദ്ര വേലൂരിയും വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടിയും ചേർന്ന് 100 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇവയുടെ രേഖകൾ തന്റെ കൈവശമുണ്ടെന്നും ചെന്നിത്തല പറഞ്ഞിരുന്നു. കർഷകർക്ക് സോളാർ പമ്പുകൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് പി എം കുസും. ഈ പദ്ധതിയിൽ കേന്ദ്ര സർക്കാർ നിശ്ചയിച്ച ബെഞ്ച് മാർക്ക് റേറ്റിന്റെ ഇരട്ടിയിലേറെ തുകയ്ക്ക് കേരളത്തിൽ ടെണ്ടർ നൽകി എന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. 240 കോടി രൂപയുടെ ടെണ്ടർ ആണ് അനേർട്ട് സിഇഒ വിളിച്ചത്. അഞ്ച് കോടി രൂപയുടെ ടെൻഡർ മാത്രം വിളിക്കാൻ അധികാരമുള്ള സിഇഒ എങ്ങനെയാണ് 240 കോടി രൂപയുടെ ടെൻഡർ വിളിച്ചത് എന്നും രമേശ് ചെന്നിത്തല ഇന്നലെ ചോദിച്ചിരുന്നു. ഒരു കമ്പനിക്ക് ടെൻഡറിൽ മാറ്റം വരുത്താനുള്ള അധികാരം പോലും സിഇഒ നൽകിയെന്നും ഈ വിഷയത്തിലെ അഴിമതി നിയമസഭാസമിതി അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

അഴിമതിയുണ്ടെങ്കിൽ അതിൻ്റെ തെളിവുകൾ രമേശ് ചെന്നിത്തല പുറത്തുവിടണമെന്നായിരുന്നു മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ പ്രതികരണം. പ്രായമായ കാലത്ത് തനിക്ക് അഴിമതി നടത്തേണ്ട ആവശ്യമില്ലെന്നും ഇതുവരെ അഴിമതി നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. lASക്കാരെ കിട്ടത്തത് കൊണ്ടാണ് IFS ഉദ്യോഗസ്ഥനായ നരേന്ദ്രനാഥ് വേലൂരിയെ അനെർട്ടിൽ നിയമിച്ചതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വകുപ്പ്തല അന്വേഷണം പൂർത്തിയായാൽ മറ്റ് അന്വേഷണം വേണമോ എന്ന് പരിശോധിക്കുമെന്നും 15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

Content Highlight: Mismatches at anert , but no investigation happening

dot image
To advertise here,contact us
dot image