കെഎസ്ആർടിസിയില്‍ സദാചാര നടപടി: 'അവിഹിതം' ആരോപിച്ച് സസ്‌പെന്‍ഷൻ; നടപടി വനിതാ കണ്ടക്ടർക്കെതിരെ മാത്രം

കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായ ഭര്‍ത്താവിന് ഡിപ്പോയിലെ വനിതാ കണ്ടക്ടറുമായി 'അവിഹിതം' ഉണ്ടെന്ന് കാണിച്ച് ഭാര്യയാണ് കെ ബി ഗണേഷ് കുമാറിന് പരാതി നല്‍കിയത്

dot image

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സദാചാര നടപടി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് ലഭിച്ച പരാതിയിലാണ് വിചിത്ര ഉത്തരവ്. 'അവിഹിതം' ഉണ്ടെന്ന പരാതിയില്‍ വനിതാ കണ്ടക്ടറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. 'അവിഹിതം' കെഎസ്ആര്‍ടിസി കണ്ടെത്തിയെന്നും ഡ്രൈവറുടെ ശ്രദ്ധ മാറ്റുന്ന വിധം സംസാരിച്ചുവെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായ തന്റെ ഭര്‍ത്താവിന് ഡിപ്പോയിലെ വനിതാ കണ്ടക്ടറുമായി 'അവിഹിതം' ഉണ്ടെന്ന് കാണിച്ച് ഭാര്യയാണ് കെ ബി ഗണേഷ് കുമാറിന് പരാതി നല്‍കിയത്. തുടര്‍ന്ന് ചീഫ് ഓഫീസ് വിജിലന്‍സിന്റെ ഇന്‍സ്‌പെക്ടര്‍ അന്വേഷണം നടത്തി നടപടിയെടുക്കുകയായിരുന്നു. മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍, ഭര്‍ത്താവിന്റെ ഫോണില്‍ നിന്നും ഫോട്ടായായി എടുത്ത വാട്‌സ്ആപ്പ് ചാറ്റ് എന്നിവ സഹിതമാണ് യുവതി പരാതി നല്‍കിയത്.

അന്വേഷണത്തില്‍ 'കണ്ടക്ടര്‍ ഏറെ നേരം ഡ്രൈവറുമായി സംസാരിക്കുന്നതും ഡ്രൈവറുടെ മൊബൈല്‍ വാങ്ങുകയും ബസിലുള്ള യാത്രക്കാരെ ശ്രദ്ധിക്കാതെ അവര്‍ക്ക് ഇറങ്ങേണ്ട സ്ഥലത്ത് യാത്രക്കാര്‍ തന്നെ സ്വയം ബെല്ലടിഞ്ഞ് ഇറങ്ങുന്നതായും കാണുന്നു' എന്ന് നടപടി ഉത്തരവില്‍ പറയുന്നു. കണ്ടക്ടറും ഡ്രൈവറും തമ്മില്‍ 'അവിഹിതം' ഇല്ലായെന്ന് പറയുന്നുണ്ടെങ്കിലും രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായെന്നും ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന വിധത്തില്‍ കണ്ടക്ടര്‍ സംസാരിച്ചത് വീഴ്ചയാണെന്നും ഉത്തരവില്‍ ചൂണ്ടികാട്ടുന്നുണ്ട്.

ഡ്യൂട്ടി നിര്‍വഹിക്കുന്നതില്‍ കണ്ടക്ടര്‍ക്ക് വീഴ്ച സംഭവിച്ചെന്നും കോര്‍പ്പറേഷന് അവമതിപ്പുണ്ടാക്കിയെന്നും കണ്ടക്ടറുടേത് ഗുരുതര അച്ചടക്കലംഘനമാണെന്നും പെരുമാറ്റ ദൂഷ്യവും ചട്ടങ്ങളുടെ ലംഘനമാണെന്നും ഉത്തരവില്‍ പറയുന്നു. പരാതിയില്‍ വനിതാ ജീവനക്കാരിക്കെതിരെ മാത്രമാണ് നടപടിയെന്നതും വിചിത്രമാണ്.

Content Highlights: KSRTC Suspend female conductor alleges extra marital affair

dot image
To advertise here,contact us
dot image