
പാലക്കാട്: കൊച്ചി പഴയ കൊച്ചിയല്ല, പക്ഷെ ബിലാല്‍ പഴയ ബിലാല്‍ തന്നെയാണെന്ന് മണ്ണാര്‍ക്കാട് പ്രസംഗിച്ച മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ പി കെ ശശിയ്ക്ക് മറുപടിയുമായി മണ്ണാര്‍ക്കാട്ടെ ഡിവൈഎഫ്‌ഐ. ഏത് ബിലാല് പറഞ്ഞാലും
മണ്ണാര്‍ക്കാട് പഴയ മണ്ണാര്‍ക്കാട് അല്ലെന്ന് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം പറഞ്ഞു.
ഒരു കൂട്ടുകച്ചവടവും മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി അനുവദിക്കാത്ത സ്ഥിതി ഉണ്ടായി. അഴിമതിക്കെതിരെ പറഞ്ഞപ്പോള്‍ വെളുപ്പിച്ചെടുക്കാന്‍ ചില ഗിമ്മിക്കുകള്‍ കാണിച്ചു. ഡിവൈഎഫ്‌ഐ അഴിമതി ആരോപണം ഉന്നയിച്ചത് നല്ല പരിശുദ്ധിയോടു കൂടിയാണെന്നും ശ്രീരാജ് വെള്ളപ്പാടം പറഞ്ഞു.
മണ്ണാര്‍കാട്ടെ രാഷ്ട്രീയ സാമൂഹിക രംഗത്ത് താന്‍ ഇനിയും സജീവമായി ഉണ്ടാകുമെന്നും താന്‍ വരുന്നുവെന്ന് പറയുമ്പോള്‍ ആര്‍ക്കാണിത്ര ബേജാറ് എന്നുമായിരുന്നു യുഡിഎഫ് ഭരിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയിലെ പരിപാടിയില്‍ പങ്കെടുക്കവെ പി കെ ശശിയുടെ പ്രതികരണം. രാഷ്ട്രീയ എതിരാളികള്‍ ഭരിക്കുന്ന നഗരസഭ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവെ ശശി നടത്തിയ പ്രതികരണം സിപിഐഎമ്മിനെതിരായ പരോക്ഷ പ്രതികരണമായാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്.
'കൊച്ചി പഴയ കൊച്ചിയല്ല, പക്ഷെ ബിലാല്‍ പഴയ ബിലാല്‍ തന്നെയാണ്' എന്ന സിനിമ സംഭാഷണവും നേരത്തെ മണ്ണാര്‍ക്കാട് നഗരസഭ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ ഉദ്ധരിച്ചിരുന്നു. ഇന്നലെകളില്‍ എന്ന പോലെ ഇന്നും, വരാന്‍ പോകുന്ന നാളെകളിലും എന്റെ സജീവ സാന്നിധ്യം മണ്ണാര്‍ക്കാടുണ്ടാകും. ഞാന്‍ വരുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ എന്തിനാണ് ഇത്ര ബേജാറ്? ഞാന്‍ ഒരു ചെറിയ മനുഷ്യനല്ലേ ഞാന്‍. ഇങ്ങനെ ഭയപ്പെടേണ്ട കാര്യമെന്താണ്' എന്നായിരുന്നു ശശിയുടെ പ്രതികരണം.
പരിപാടിയില്‍ സിപിഐഎം കൗണ്‍സിലര്‍മാരും പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയും പങ്കെടുത്തിരുന്നു. വെള്ള ഷര്‍ട്ട് ധരിച്ചുകൊണ്ടാണ് പി കെ ശശി പരിപാടിക്കെത്തിയത്. പരിപാടിയില്‍ സംസാരിച്ച ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ ശശിക്ക് വെള്ള ഷര്‍ട്ട് നന്നായി ചേരുന്നുണ്ടെന്ന അഭിപ്രായപ്രകടനം നടത്തിയിരുന്നു. പിന്നീട് സംസാരിച്ച എന്‍ ഷംസുദ്ദിന്‍ എംഎല്‍എയും ശശിക്ക് വെള്ള ഷര്‍ട്ട് ചേരുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. ശശി യുഡിഎഫ് ഭരിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭ സംഘടിപ്പിച്ച പരിപാടിയില്‍ ശശി പങ്കെടുത്തതും യുഡിഎഫ് നേതാക്കള്‍ ഈ നിലയില്‍ പ്രതികരിച്ചതുമെല്ലാം ശശിയുടെ കോണ്‍ഗ്രസ് പ്രവേശന ചര്‍ച്ചകള്‍ക്കും വഴിതെളിച്ചിരുന്നു. അച്ചടക്കനടപടികളെ തുടര്‍ന്ന് പി കെ ശശി സിപിഐഎമ്മുമായി സ്വരച്ചേര്‍ച്ചയില്‍ അല്ലെന്ന സൂചനകള്‍ക്കിടെയായിരുന്നു പി കെ ശശിയുടെ വിവാദ പ്രസംഗം.
Content Highlights: DYFI responds to PK Sasi