

കണ്ണൂർ: സിപിഐഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകം നാളെ പുറത്തിറങ്ങും. പയ്യന്നൂർ ടൗണിൽ വെച്ച് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻറെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്യുക. പുസ്തകം ഇറങ്ങുന്നതിനു മുൻപ് താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് കണക്കുകൾ സഹിതം സിപിഐഎം മറുപടി പറയണം എന്നും കുഞ്ഞികൃഷ്ണൻ ആവശ്യപ്പെടുന്നു.
അതേസമയം, ധനരാജ് ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിടാൻ ഒരുങ്ങുകയാണ് സിപിഐഎം. അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ഫെബ്രുവരി ആറിന് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വാർത്താസമ്മേളനം നടത്തി കണക്കുകൾ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി പിരിച്ച ഫണ്ടിൽ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതിൽ 46 ലക്ഷം രൂപ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർ ചേർന്ന് തട്ടിയെടുത്തു എന്നുമായിരുന്നു മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം. പാർട്ടിക്ക് തെളിവ് നൽകിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നു.
അതേസമയം, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ ജാഥ ഇന്ന് കണ്ണൂരിൽ പര്യടനം തുടരും. പഴയങ്ങാടി, തളിപ്പറമ്പ്, ഇരിക്കൂർ, ഇരിട്ടി എന്നിവിടങ്ങളിൽ ജാഥക്ക് സ്വീകരണം നൽകും. ഇന്നലെ പയ്യന്നൂരിൽ നടന്ന സ്വീകരണ പരിപാടിയിൽ രക്തസാക്ഷി ഫണ്ട് ക്രമക്കേട് നടത്തിയെന്ന് ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണന് എം വി ഗോവിന്ദൻ മറുപടി നൽകിയിരുന്നു. കണ്ണൂർ ജില്ലയിലെ മറ്റ് സ്വീകരണ കേന്ദ്രങ്ങളിലും ഒരുപക്ഷേ കുഞ്ഞികൃഷ്ണന് എതിരായ നിലപാട് സിപിഐഎം ആവർത്തിക്കും.
ചില ആളുകള്‍ ബൂര്‍ഷ്വാ മാധ്യമങ്ങളുമായി ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പാര്‍ട്ടി ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല എന്ന് മാത്രമാണ് അവരോട് പറയാനുള്ളത് എന്നുമാണ് കുഞ്ഞികൃഷ്ണന് മറുപടിയായി എം വി ഗോവിന്ദൻ പറഞ്ഞത്. പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്ത് പരിഹരിച്ച വിഷയങ്ങളാണ് വി കുഞ്ഞികൃഷ്ണന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ഒറ്റുകാരനുള്ള മറുപടിയാണ് പയ്യന്നൂരിലെ ജനക്കൂട്ടം. കുഞ്ഞികൃഷ്ണന്‍ എന്തോ മുന്‍കൈ നേടിയെന്ന തോന്നലില്‍ ആണ് മുന്നോട്ട് പോകുന്നത്. എല്ലാ കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെയും സ്ഥാനം ചവറ്റുകൊട്ടയിലാണ്. കുഞ്ഞികൃഷ്ണന്റെയും അവസ്ഥ അതുതന്നെയായിരിക്കുമെന്നും കുഞ്ഞികൃഷ്ണനെ ഉപയോഗിച്ച് പാര്‍ട്ടിയെ തോല്‍പ്പിക്കാമെന്ന് കരുതേണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.
Content Highlights: V Kunhikrishnan’s latest book, on Dhanraj Fund is set to be released tomorrow. The book offers a critical analysis on how party wrongly took over the fund and gives key insights into it