
കൽപ്പറ്റ: വയനാട് മുള്ളൻകൊല്ലിയിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളിയിൽ വയനാട് ഡിസിസി ജനറൽ സെക്രട്ടറി ഒ ആർ രഘുവിനും പരിക്ക്. ഡിസിസി പ്രസിഡന്റ് അപ്പച്ചന് മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് തനിക്കും മർദ്ദനമേറ്റതെന്ന് ഒ ആർ രഘു പറഞ്ഞു. പ്രദേശത്ത് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തർക്കം നിലനിൽക്കുകയായിരുന്നെന്നും രഘു പറഞ്ഞു. മർദ്ദനത്തിൽ പരിക്കേറ്റ രഘു മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പുൽപ്പള്ളി മുള്ളൻകൊല്ലിയിൽ പാർട്ടി പരിപാടി നടക്കുന്നതിനിടെയാണ് കോൺഗ്രസിലെ ഒരു വിഭാഗം പ്രവർത്തകർ ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചനെയും ജനറൽ സെക്രട്ടറി ഒ ആർ രഘുവിനെയും മർദ്ദിച്ചത്.
മുള്ളൻകൊല്ലി പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്ക വികസന സെമിനാറിനിടെ കോൺഗ്രസ് പ്രവർത്തകർ ഡിസിസി പ്രസിഡന്റിന്റെ മുഖത്തും വയറിലും അടിക്കുകയായിരുന്നു. മർദനമേറ്റ് നിലത്ത് മറിഞ്ഞ് വീണ പ്രസിഡണ്ടിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഡിസിസി ജനറൽ സെക്രട്ടറി ഒ ആർ രഘുവിനും പരിക്കേൽക്കുകയായിരുന്നു.
നേരത്തെ മുള്ളൻകൊല്ലിയിലെ കോൺഗ്രസിൽ ഉണ്ടായ വിഭാഗീയത പ്രശ്‌നങ്ങൾ പരിഹരിക്കാൻ വയനാട് ഡിസിസി ഒാഫീസിൽ നടന്ന യോഗത്തിനിടയിലും തർക്കം ഉണ്ടായിരുന്നു. എന്നാൽ യോഗത്തിൽ മുള്ളൻകൊല്ലിയിലെ പ്രശ്നങ്ങൾ പരിഹരിച്ചതായി ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Content Highlights : Congress clash in Mullankolli, Wayanad; DCC General Secretary OR Raghu also injured