'കുട്ടികൾ കാൽ കഴുകിയത് ബഹുമാനം കൊണ്ട്, അവർ എസ്എഫ്‌ഐ പ്രവര്‍ത്തകരെപോലെയാകരുത്'; ബിജെപി ആലപ്പുഴ ജില്ലാസെക്രട്ടറി

അനധ്യാപകനായ അനൂപ് മാനേജ്‌മെന്റ് പ്രതിനിധി എന്ന പേരിലാണ് ചടങ്ങില്‍ പങ്കെടുത്തത്

dot image

ആലപ്പുഴ: വിദ്യാര്‍ത്ഥികളെകൊണ്ട് കാല്‍ കഴുകിച്ച വിവാദ നടപടിയില്‍ പ്രതികരിച്ച് ബിജെപി ആലപ്പുഴ ജില്ലാ സെക്രട്ടറി നേതാവ് കെ കെ അനൂപ്. കുട്ടികള്‍ ബഹുമാനം കൊണ്ട് ചെയ്യുന്നതാണെന്നും അതിനെ പാദ പൂജ എന്ന് വിളിക്കരുതെന്നും അനൂപ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

അക്രമം നടത്തുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരെപോലെയാകരുത് വിദ്യാര്‍ത്ഥികള്‍. അധ്യാപകന്‍ അല്ലെങ്കിലും താന്‍ ഇടയ്ക്ക് ക്ലാസ്സെടുക്കാന്‍ പോകാറുണ്ടെന്നും അതുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ തന്നെ ബഹുമാനിച്ചത് എന്നും അനൂപ് പറഞ്ഞു. മാവേലിക്കര വിവേകാനന്ദ വിദ്യപീഠം സ്‌കൂളിലായിരുന്നു പാദ പൂജയെന്ന പേരില്‍ ബിജെപി ആലപ്പുഴ ജില്ലാ സെക്രട്ടറി കെ കെ അനൂപിന്റെ കാല്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് കഴുകിച്ചത്.

ഗുരുപൂര്‍ണിമ ചടങ്ങുകളുടെ ഭാഗമെന്ന് അവകാശപ്പെട്ട് മാവേലിക്കര വിവേകാനനന്ദ വിദ്യാപീഠം സ്‌കൂളിലായിരുന്നു അധ്യാപകര്‍ക്ക് പുറമെ ബിജെപി ജില്ലാ സെക്രട്ടറിയുടെ കാലും വിദ്യാര്‍ത്ഥികളെക്കൊണ്ട് കഴുകിച്ചത്. അനധ്യാപകനായ അനൂപ് മാനേജ്‌മെന്റ് പ്രതിനിധി എന്ന പേരിലാണ് ചടങ്ങില്‍ പങ്കെടുത്തത്.

നേരത്തെ മാവേലിക്കയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചിരുന്നു. അധ്യാപകരുടെ കാലില്‍ വെള്ളം തളിച്ച് പൂക്കള്‍ ഇടാന്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. സ്‌കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാര്‍ത്ഥികള്‍ കഴുകിയത്. സമാനമായ സംഭവം കാസര്‍കോട് ബന്തടുക്കയിലും ഉണ്ടായിരുന്നു.

Content Highlights: BJP Alappuzha leader KK Anoop Reaction over washing feet with students

dot image
To advertise here,contact us
dot image