വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദനെ ചോദ്യം ചെയ്ത് പൊലീസ്

കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് നടനെ ചോദ്യം ചെയ്തത്

dot image

കൊച്ചി: മുന്‍ മാനേജറെന്ന് അവകാശപ്പെടുന്ന വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചുവെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെ പൊലീസ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് നടനെ ചോദ്യം ചെയ്തത്. താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദന്‍ മൊഴിയിലും ആവര്‍ത്തിച്ചു. കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമായിരുന്നുവെന്നും മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

എന്നാല്‍ സംഭവത്തില്‍ നേരത്തെ സിനിമാ സംഘടനകള്‍ ഇടപെടുകയും ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തിരുന്നു. ഇതിനിടയിലും നിയമനടപടികള്‍ തുടരുകയായിരുന്നു. ഈ മാസം 26നായിരുന്നു ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു എന്ന് ആരോപിച്ച് വിപിന്‍ കുമാര്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്. ഉണ്ണി മുകുന്ദന്റെ ഒടുവില്‍ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തില്‍ മാനേജറായ താന്‍ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യല്‍ മീഡിയാ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിപിച്ചത് എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അസഭ്യം പറഞ്ഞ് മര്‍ദ്ദിക്കാനുള്ള കാരണം എന്നും പരാതിയില്‍ പറഞ്ഞിരുന്നു.

വിപിന്‍ കുമാറിന്റെ ആരോപണത്തിന് പിന്നാലെ തന്നെ സംഭവത്തില്‍ പ്രതികരിച്ച് ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. ശാരീരികമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിന്‍ കുമാര്‍ ഉയര്‍ത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. വിപിന്‍ കുമാറിനെ തന്റെ പേഴ്‌സണ്‍ മാനേജറായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കിയിരുന്നു.

2018 ല്‍ തന്റെ നിര്‍മ്മാണ കമ്പനിയുടെ ആദ്യ സിനിമയുടെ ജോലികള്‍ ആരംഭിക്കുന്ന വേളയിലാണ് വിപിന്‍ കുമാര്‍ എന്ന വ്യക്തിയെ ആദ്യമായി പരിചയപ്പെട്ടത്. ഇന്‍ഡസ്ട്രിയിലെ നിരവധി പ്രശസ്തരായ സെലിബ്രിറ്റികളുടെ പിആര്‍ഒ എന്ന നിലയിലാണ് ഈ വ്യക്തി തന്നെ പരിചയപ്പെട്ടതെന്നും ഇ വ്യക്തിയെ ഒരിക്കലും തന്റെ പേഴ്സണല്‍ മാനേജരായി നിയമിച്ചിട്ടില്ലെന്നുമായിരുന്നു ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. മാനേജരെ മര്‍ദിച്ചെന്ന കേസിലെ ഗൂഢാലോചന പുറത്ത് വരണമെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്കും എഡിജിപിക്കും ഉണ്ണി മുകന്ദന്‍ പരാതി നല്‍കിയിരുന്നു.

Content Highlights: Kerala Police questioning Unni Mukundan

dot image
To advertise here,contact us
dot image