
തിരുവനന്തപുരം: സസ്‌പെന്‍ഷന്‍ തുടരും എന്ന് കാട്ടി വിസി ഇറക്കിയ ഉത്തരവില്‍ മറുപടിയുമായി രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാര്‍. ഹൈക്കോടതി ഉത്തരവുപ്രകാരം ചുമതലയില്‍ തുടരുമെന്ന് രജിസ്ട്രാര്‍ വിസിക്ക് മറുപടി നല്‍കി. നിയമന അധികാരികളെ ബന്ധപ്പെടാം എന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്. തന്റെ നിയമന അധികാരി സിന്‍ഡിക്കേറ്റാണെന്നും രജിസ്ട്രാര്‍ മറുപടി നല്‍കി. സിന്‍ഡിക്കേറ്റ് തീരുമാനം നിലനില്‍ക്കും വരെ ചുമതലയില്‍ തുടരുമെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി. ഇന്ന് ഒരു ദിവസത്തേക്കാണ് അവധിക്ക് അപേക്ഷ നല്‍കിയത്. നാളെ സര്‍വകലാശാലയിലെത്തി ജോലി ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ തുടരുമെന്ന് കാണിച്ച് വിസി ഉത്തരവ് പുറത്തിറക്കിയിരുന്നു. രജിസ്ട്രാര്‍ സര്‍വകലാശാലയില്‍ പ്രവേശിക്കരുതെന്നും വിസി നിര്‍ദേശിച്ചിരുന്നു. ജൂലൈ ആറിന് വിസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ല. രജിസ്ട്രാറുടെ ഓഫീസ് ഉപയോഗിച്ചാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നും വിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വൈസ് ചാന്‍സലറുടെ നിര്‍ദേശത്തെ പൂര്‍ണമായും തള്ളുകയാണ് കെ എസ് അനില്‍ കുമാര്‍.
കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രം ഉപയോഗിച്ചതാണ് നിലവിലെ വിവാദങ്ങളുടെ തുടക്കം. ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ വിസിയോട് വിശദീകരണം ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വിസി രജിസ്ട്രാര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. റിപ്പോര്‍ട്ട് പരിശോധിച്ച ഗവര്‍ണര്‍ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വിസിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവരികയായിരുന്നു.
ഇതിന് പിന്നാലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലെ നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു. രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിന്റെ സസ്പെന്‍ഷന്‍ നടപടി റദ്ദാക്കുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ നിന്ന് താത്കാലിക വി സി സിസ തോമസ് ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്ന് മറ്റൊരു മുതിര്‍ന്ന സിന്‍ഡിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തില്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കെ എസ് അനില്‍ കുമാറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതായി അറിയിച്ചിരുന്നു. പിന്നാലെ രജിസ്ട്രാറായി അനില്‍ കുമാര്‍ വീണ്ടും ചുമതലയേല്‍ക്കുകയായിരുന്നു. എന്നാല്‍ സിന്‍ഡിക്കേറ്റ് തീരുമാനം നിയമവിരുദ്ധമാണെന്ന് കാണിച്ച് താല്‍ക്കാലിക വി സി സിസ തോമസ് പകരം രജിസ്ട്രാറായി മിനി കാപ്പനെ നിയമിച്ചിരുന്നു. കഴിഞ്ഞ ദിവസം സിന്‍ഡിക്കേറ്റ് കെ എസ് അനില്‍ കുമാറും വൈസ് ചാന്‍സലര്‍ നിയോഗിച്ച മിനി കാപ്പനും സര്‍വകലാശാലയിലെത്തിയിരുന്നു.
Content Highlights- Registrar K S Anil kumar reply to vc on his suspension order