ബിന്ദുവിന്‍റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറി ചാണ്ടി ഉമ്മന്‍

ബിന്ദുവിന്റെ മകന്‍ നവനീതിന് സ്ഥിരം ജോലി നല്‍കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടിരുന്നു

dot image

കോട്ടയം: മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച ധനസഹായമായ അഞ്ച് ലക്ഷം രൂപ ചാണ്ടി ഉമ്മന്‍ എംഎല്‍എ കൈമാറി. ബിന്ദുവിന്റെ മകളുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്. ചാണ്ടി ഉമ്മന്‍ ഫൗണ്ടേഷന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആണ് പണം നല്‍കിയത്.

ബിന്ദുവിന്റെ കുടുംബത്തിന് സഹായവുമായി ബിന്ദു ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമയും രംഗത്തെത്തിയിരുന്നു. കുടുംബത്തിന് ഒരുലക്ഷം രൂപ നല്‍കുമെന്ന് ഷിവാസ് സില്‍ക്സ് ഉടമ ആനന്ദാക്ഷന്‍ അറിയിച്ചു. ഇതിന് പുറമെ ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിക്ക് എല്ലാ മാസവും 5,000 രൂപ വീതം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. എട്ട് വര്‍ഷമായി ബിന്ദു ഇതേ സ്ഥാപനത്തിലായിരുന്നു ബിന്ദു ജോലി ചെയ്തിരുന്നത്.

വ്യാഴാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് ഒരാള്‍ മരിക്കുന്നത്. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ് മരിച്ചത്. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. മകള്‍ക്ക് കൂട്ടിരിപ്പിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു.

14ാം വാര്‍ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ചെറിയ പരിക്കുമുണ്ടായിരുന്നു. കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇടിഞ്ഞ് വീണത്. 12 വര്‍ഷമായി ബലക്ഷയമുള്ള കെട്ടിടത്തിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്. തകര്‍ന്ന ശുചിമുറിയുടെ ഭാഗം അടച്ചിട്ടതായിരുന്നുവെന്ന് അപകടം നടന്നയുടനേ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ തകര്‍ന്ന കെട്ടിടം ഉപയോഗിച്ചിരുന്നതായി രോഗികളും വ്യക്തമാക്കിയിരുന്നു.

Content Highlights: Chandy Oommen hands over Rs. 5 lakh to Bindu's family

dot image
To advertise here,contact us
dot image