
റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. റഹീം ഇരുപത് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു. മോചനം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. അബ്ദുല്‍ റഹീമിന്റെ മോചനം ഉടനുണ്ടാകില്ല. 20 വര്‍ഷം തടവിനാണ് വിധിച്ചത്. അത്രയും കാലാവധി പൂര്‍ത്തിയാക്കണമെന്നാണ് കോടതി ഉത്തരവ്.
മെയ് 26-നാണ് 20 വര്‍ഷം തടവിന് വിധിച്ചുളള കീഴ്‌ക്കോടതി വിധിയുണ്ടായത്. പിന്നാലെ പ്രോസിക്യൂഷന്‍ അപ്പീല്‍ സമര്‍പ്പിച്ചു. റഹീം 19 വര്‍ഷം തടവ് അനുഭവിച്ചെന്നും ഒരുവര്‍ഷം മാത്രമാണ് ബാക്കിയുളളത്. അതിനാല്‍ മോചനം അനുവദിക്കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കണമെന്ന് കോടതി വിധിക്കുകയായിരുന്നു. എന്നാല്‍ പ്രോസിക്യൂഷന് മേല്‍ക്കോടതിയെ സമീപിക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. അതിനാല്‍ മേല്‍ക്കോടതി അനുവദിക്കുകയാണെങ്കില്‍ ഒരുവര്‍ഷം പൂര്‍ത്തിയാകുംമുന്‍പേ റഹീമിന് ജയില്‍ മോചിതനാകാന്‍ കഴിയും.
അബ്ദുല്‍ റഹീം തന്റെ 26ാം വയസ്സില്‍ 2006-ലാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുല്‍ റഹ്‌മാന് അല് ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുല്‍ റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 2006 ഡിസംബര്‍ മുതല്‍ റഹീം ജയിലിലാണ്. 34 കോടിയിലേറെ രൂപ ദയാധനം നല്‍കിയതിനെ തുടര്‍ന്ന് അബ്ദുറഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു.
Content Highlights: Abdul Rahim's release will be delayed: Appeal court upholds lower court's 20-year prison sentence