
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ട സംഭവത്തില്‍ റിപ്പോർട്ടറിനോട് പ്രതികരിച്ച് മന്ത്രി വി എന്‍ വാസവന്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വ്യക്തിപരമായി ആക്രമിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോയതായി മന്ത്രി പറഞ്ഞു. മന്ത്രിയെ പുലഭ്യം പറയുകയും വികൃതപ്പെടുത്തുന്ന പരാമര്‍ശം നടത്തുകയും ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. പ്രതിപക്ഷം അങ്ങനെ ചെയ്യാന്‍ പാടില്ല. കോട്ടയത്തെ സംഭവം വിഷമകരമെന്ന് തുടക്കത്തില്‍ മുതല്‍ പറഞ്ഞിരുന്നുവെന്നും വി എന്‍ വാസവന്‍ പറഞ്ഞു.
ബിന്ദുവിന്റെ മരണത്തിനിടയായ സംഭവത്തിന് പിന്നാലെ മൂന്ന് കാര്യങ്ങളിലായിരുന്നു പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചതെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിന് പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതിനായിരുന്നു പ്രഥമ പരിഗണന. കുടുംബത്തിന്റെ ഭാവി സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കുക, യുദ്ധകാല അടിസ്ഥാനത്തില്‍ രോഗികളെ മാറ്റിപ്പാര്‍പ്പിക്കുക എന്നതിനാണ് പിന്നീട് പ്രാധാന്യം നല്‍കിയതെന്നും മന്ത്രി വിശദീകരിച്ചു. പൊതുജനാരോഗ്യരംഗം വലിയ രീതിയില്‍ വളര്‍ന്നുവരുന്നത് ഇഷ്ടപ്പെടാത്തവരുണ്ട്. മള്‍ട്ടിനാഷണല്‍ കമ്പനികള്‍ പൊതുജനാരോഗ്യരംഗത്തേയ്ക്ക് വലിയ രീതിയില്‍ കടന്നുവരുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖലയില്‍ സ്വകാര്യ മേഖലയുടെ സംഭാവന വലുതാണെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയുമായി ബന്ധപ്പെട്ട ആരോപണങ്ങളോടും മന്ത്രി പ്രതികരിച്ചു. ആരോപണങ്ങള്‍ ദുരുദ്ദേശപരമാണെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പെട്ടെന്ന് ഓടിപ്പോയതല്ല. അസുഖം പിടിപെട്ട സമയം മുതല്‍ അദ്ദേഹത്തിന് മികച്ച ചികിത്സയുടെ ആവശ്യമുണ്ടായിരുന്നു. തുടര്‍ ചികിത്സകള്‍ക്കായാണ് അദ്ദേഹം പോയതെന്നും മന്ത്രി പറഞ്ഞു. മുന്‍പ് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന് സംഭവിച്ച ഒരു അപകടവും അതിന് ചികിത്സ തേടിയ സംഭവവും മന്ത്രി ചൂണ്ടിക്കാട്ടി. അന്ന് കേരളത്തില്‍ ചികിത്സ തേടിയിട്ട് കെ കരുണാകരന് ഭേദമായിരുന്നില്ല. ഇതേ തുടര്‍ന്ന് അദ്ദേഹത്തോട് അമേരിക്കയില്‍ ചികിത്സ തേടാന്‍ നിര്‍ദേശിച്ചത് മുന്‍ മുഖ്യമന്ത്രി എ കെ നായനാരായിരുന്നു. ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ കെ കരുണാകരന്‍ പറഞ്ഞത് 'എത്രയോ മുന്‍പ് പോകേണ്ടതായിരുന്നു' എന്നായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വിദേശത്ത് ചികിത്സ തേടിയ ആളാണ്. പ്രതിപക്ഷത്തുനിന്നും ഭരണപക്ഷത്തുനിന്നുമുള്ള നിരവധി പേര്‍ വിദേശത്ത് ചികിത്സ തേടിയിട്ടുണ്ടെന്നും വി എന്‍ വാസവന്‍ ചൂണ്ടിക്കാട്ടി.
കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ടി കെ ജയകുമാറിനെതിരായ വിമര്‍ശനങ്ങള്‍ക്കും മന്ത്രി മറുപടി പറഞ്ഞു. ടി കെ ജയകുമാറിനെതിരായ ആരോപണങ്ങള്‍ വിഷമിപ്പിച്ചതായി മന്ത്രി പറഞ്ഞു. തൊഴിലിനോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്ന വ്യക്തിയാണ് അദ്ദേഹം. ചില സാഹചര്യങ്ങളില്‍ അദ്ദേഹത്തിന്റെ മുന്നില്‍ കുമ്പിട്ടുപോയിട്ടുണ്ട്. കൊവിഡ് കാലത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയം. ആശുപത്രികളില്‍ രോഗികള്‍ക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടു. ഇക്കാര്യം പറഞ്ഞ് ഡോ. ജയകുമാര്‍ തന്നെ വിളിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഭക്ഷണം എത്തിച്ചുവിതരണം നല്‍കി. രോഗികള്‍ക്കായി മികച്ച ഇടപെടല്‍ നടത്തുന്ന ഡോക്ടറാണ് ഡോ. ജയകുമാറെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights- Minister V N Vasavan support to veena george over kottayam medical college incident