സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന്; വീണാ ജോർജിനെതിരെ എസി, എൽസി അംഗങ്ങളുടെ വിമർശനം പരിശോധിക്കും

എല്‍ഡിഎഫ് മന്ത്രി വീണയ്ക്ക് സംരക്ഷണം കൊടുക്കുമെന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഇന്നലെ വ്യക്തമാക്കിയിരുന്നു

dot image

പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് ഇന്നും ജില്ലാ കമ്മിറ്റി നാളെയും ചേരും. കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് യുവതി മരിച്ചതില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ എ സി, എല്‍ സി അംഗങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനം സെക്രട്ടേറിയറ്റ് യോഗത്തില്‍ പരിശോധിക്കും. എസി, എല്‍സി അംഗങ്ങളുടെ വിമര്‍ശനം ഗൗരവമായി പാര്‍ട്ടി പരിശോധിക്കുമെന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം വ്യക്തമാക്കിയിരുന്നു.

എല്‍ഡിഎഫ് മന്ത്രി വീണയ്ക്ക് സംരക്ഷണം കൊടുക്കുമെന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം ജോണ്‍സണ്‍ പി ജെ, ഇരവിപേരൂര്‍ ഏരിയാ കമ്മിറ്റിയംഗം എന്‍ രാജീവ് എന്നിവരായിരുന്നു ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. കൂടുതല്‍ പറയുന്നില്ലെന്നും ഇനി പറയിപ്പിക്കരുതെന്നുമായിരുന്നു ജോണ്‍സണ്‍ പിജെ പറഞ്ഞത്. ഒരു എംഎല്‍എയായി ഇരിക്കാന്‍ പോലും മന്ത്രിക്ക് അര്‍ഹതയില്ലെന്നും എല്‍സി അംഗം വിമര്‍ശിച്ചിരുന്നു. എസ്എഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോണ്‍സണ്‍ പിജെ.

മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ചികിത്സ തേടിയതിനെയായിരുന്നു പത്തനംതിട്ട സിഡബ്ല്യുസി മുന്‍ ചെയര്‍മാന്‍ കൂടിയായ എന്‍ രാജീവ് പരോക്ഷമായി വിമര്‍ശിച്ചത്. സ്‌കൂളില്‍ കേട്ടെഴുത്ത് ഉണ്ടെങ്കില്‍ വയറുവേദന വരുമെന്നും വയറുവേദന എന്ന് പറഞ്ഞ് വീട്ടില്‍ ഇരിക്കുമെന്നുമായിരുന്നു രാജീവ് പരിഹസിച്ചത്. ഒത്താല്‍ രക്ഷപ്പെട്ടു എന്നാണ് അവസ്ഥയെന്നും എന്‍ രാജീവ് പറഞ്ഞിരുന്നു.

Content Highlights: CPIM pathanamthitta Secretariat Meeting today

dot image
To advertise here,contact us
dot image