വീടുകൾ കുന്നിൻ മുകളിൽ, എപ്പോൾ വേണമെങ്കിലും മണ്ണിടിയാം; തിരുവനന്തപുരം കിളിമാനൂരില്‍ 14 കുടുംബങ്ങൾ ദുരിതത്തിൽ

2018ലെ പ്രളയകാലത്ത് മണ്ണിടിച്ചില്‍ ഭീഷണി നേരിട്ടിരുന്ന സ്ഥലമാണ് കുഴിവിള ഇരപ്പില്‍ നഗറിലെ ഈ ഉന്നതി

dot image

തിരുവനന്തപുരം: വീടുകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലായതോടെ തിരുവനന്തപുരം കിളിമാനൂരില്‍ 14 കുടുംബങ്ങള്‍ ദുരിതത്തില്‍. കുഴിവിള ഇരപ്പില്‍ നഗറില്‍ താമസിക്കുന്നവരാണ് ദുരവസ്ഥയിലായത്. ടാര്‍പോളിന്‍ പൊതിഞ്ഞ ഷെഡുകളിലാണ് പലരും കഴിയുന്നത്. ലൈഫ് പദ്ധതിയില്‍ അപേക്ഷിച്ചിട്ടും വീട് കിട്ടിയില്ല. റിപ്പോര്‍ട്ടര്‍ ലൈവത്തോണ്‍, ഉന്നതിയില്ലാത്ത ഉന്നതികളോ?.

2018ലെ പ്രളയകാലത്ത് മണ്ണിടിച്ചില്‍ ഭീഷണി നേരിട്ടിരുന്ന സ്ഥലമാണ് കുഴിവിള ഇരപ്പില്‍ നഗറിലെ ഈ ഉന്നതി. പതിനാല് കുടുംബങ്ങളിലായി നിരവധി പേരാണ് ഇവിടെ താമസിക്കുന്നത്. ഗതാഗത സൗകര്യമില്ല എന്നതാണ് ഇവരെ സംബന്ധിച്ചടത്തോളം വലിയ പ്രശ്‌നം. ഒരാള്‍ക്ക് അസുഖം വന്നാല്‍ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാനുള്ള സൗകര്യമില്ല. കുന്നിന്റെ ഏറ്റവും മുകളില്‍ സ്ഥിതി ചെയ്യുന്ന വീടുകളിലേക്ക് എത്തണമെങ്കില്‍ കുത്തനെയുള്ള കയറ്റം കയറണം. വഴിയെന്ന് പറയാനില്ല. വീടുകളുടെ സ്ഥിതിയാണെങ്കിലും പരിതാപകരമാണ്. പലരും താമസിക്കുന്നത് ഓട് മേഞ്ഞതും ഷീറ്റ് വലിച്ചുകെട്ടിയതുമായ വീടുകളിലാണ്. ചില വീടുകള്‍ ചോര്‍ന്നൊലിക്കുന്ന നിലയിലാണ്. വാര്‍ക്ക വീടുകള്‍ ഉണ്ടെങ്കിലും അവയില്‍ പലതിന്റേയും പണി പൂര്‍ത്തിയായിട്ടില്ല.

ജനുവരിയില്‍ റെവന്യു ഭൂമിയില്‍ കുടില്‍ കെട്ടി ഇവര്‍ സമരം ചെയ്തിരുന്നു. എല്‍ഡിഎഫ് ഭരിക്കുന്ന പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ മഹാദേവശ്വരം വാര്‍ഡിലാണ് ഈ സ്ഥലം. അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് താമസക്കാരുടെ ആരോപണം. സംഭവം വാര്‍ത്തയായതോടെ വിഷയത്തില്‍ ഇടുപെടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍ സനില്‍ പറഞ്ഞു. എംഎല്‍എയും താനം അടക്കം രണ്ട് തവണ ഉന്നതി സന്ദര്‍ശിച്ചിരുന്നു. വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Content Highlights- 14 families in thiruvananthapuram kilimanoor in dangerous condition

dot image
To advertise here,contact us
dot image