
കൊല്ലം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്നാണ് മന്ത്രിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് മന്ത്രിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൊട്ടാരക്കര താലൂക്ക് ആശുപത്രി പരിസരത്ത് വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവായിരുന്നു മരിച്ചത്. മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കുന്നതിനായി അപകടം നടന്ന കെട്ടിടത്തിലെ ശുചിമുറിയില്‍ എത്തിയതായിരുന്നു ബിന്ദു. ഇതിനിടെയാണ് അപകടം നടന്നത്.
അമ്മയെ കാണാതായതോടെ മകള്‍ നവമി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പ്രതികരണമുണ്ടായില്ല. ഇതിനിടെ ബിന്ദുവിനെ അന്വേഷിക്കുകയായിരുന്നു ഭര്‍ത്താവ് വിശ്രുതന്‍.
അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രി വി എന്‍ വാസവന് സ്ഥലത്തെത്തി. ഇതിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജും അപകടസ്ഥലത്തെത്തി. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു മന്ത്രി വീണാ ജോര്‍ജ് ആദ്യഘട്ടത്തില്‍ നല്കിയ പ്രതികരണം. മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശം അനുസരിച്ച് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ബിന്ദുവിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി വീണാ ജോര്‍ജ്, ആരും കുടുങ്ങിയിട്ടില്ല എന്ന് പറഞ്ഞത് ആദ്യം കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞു. സംഭവത്തിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു വിവിധയിടങ്ങളില്‍ അരങ്ങേറിയത്.
Content Highlights- Minister Veena george admitted to hospital