
തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളില്‍ സൂംബ പരിശീലിപ്പിക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷ്‌റഫിനെതിരെ സ്കൂൾ മാനേജ്മെൻ്റിന് നടപടിയെടുക്കാമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ടികെ അഷ്റഫ് ഒരു എയ്ഡഡ് സ്കൂൾ അധ്യാപകനാണെന്നും വിദ്യാഭ്യാസ വകുപ്പിനോ വിദ്യാർത്ഥികൾക്കോ എതിരെ എന്തെങ്കിലും പറഞ്ഞാൽ അതിൽ അച്ചടക്ക നടപടി എടുക്കേണ്ടത് സ്കൂൾ മാനേജ്മെൻറ് ആണെന്നും ശിവൻകുട്ടി വ്യക്തമാക്കി.കേരളത്തിലെ വിദ്യാലയങ്ങളിൽ സൂംബ നടപ്പിലാക്കിയത് ലോകശ്രദ്ധ നേടിയെന്നും ബിബിസി ലേഖകർ തന്നോട് സംസാരിച്ചുവെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ വര്‍ഷം നടത്തിയ ദേശീയ പഠനനേട്ട സര്‍വേ (National Achievement Survey – NAS)യിൽ ദേശീയ തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് കേരളമെന്നും വി ശിവൻകുട്ടി പറഞ്ഞു. ഇത് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയുടെ മികവിനും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അര്‍പ്പണബോധത്തിനും തെളിവാണെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കേന്ദ്രസർക്കാരിൽ നിന്ന് ഒരു രൂപ പോലും കിട്ടാതിരിക്കെയാണ് ഈ നേട്ടം. പ്രഖ്യാപിച്ചപ്പോൾ അവർക്ക് കുറ്റബോധം ഉണ്ടായിക്കാണുമെന്നും ശിവൻകുട്ടി പറഞ്ഞു.
ഹയർസെക്കൻഡറി പാഠ്യപദ്ധതിയുടെ കാര്യത്തിൽ എല്ലാവരോടും കൂടി ആലോചന നടത്തും. അതിൽ പങ്കെടുത്ത് അഭിപ്രായം പറയാതെ പാഠപുസ്തകം ഇറങ്ങുമ്പോൾ അഭിപ്രായം പറയരുതെന്നും മന്ത്രി പറഞ്ഞു. ഈ വർഷം പ്രവർത്തനങ്ങൾ പൂർത്തിയാക്കി അടുത്തവർഷം കുട്ടികൾക്ക് പാഠപുസ്തകം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം പി എസ് സിക്ക് വിടുന്ന കാര്യം നിലവിൽ ആലോചിച്ചിട്ടില്ലയെന്നും ജി സുധാകരന്റെ അഭിപ്രായം അദ്ദേഹത്തിൻ്റെയാണെന്നും മന്ത്രി പറഞ്ഞു.
Content Highlight : Criticism of Zumba Practice; School management may take action against TK Ashraf, V Sivankutty