'അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളുടെ കാലപ്പഴക്കം സംബന്ധിച്ച് പരിശോധന നടത്തും'; മന്ത്രി കെ രാജൻ

അതിഥിതൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളുടെ കാലപ്പഴക്കം സംബന്ധിച്ച് ജില്ലാ കളക്ടർമാരോട് പരിശോധന നടത്താൻ ആവശ്യപ്പെടുമെന്ന് മന്ത്രി കെ രാജൻ

dot image

കൊച്ചി: സംസ്ഥാനത്ത് അതിഥിതൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളുടെ കാലപ്പഴക്കം സംബന്ധിച്ച് ജില്ലാ കളക്ടർമാരോട് പരിശോധന നടത്താൻ ആവശ്യപ്പെടുമെന്ന് റവന്യൂ മന്ത്രി കെ രാജൻ റിപ്പോർട്ടറിനോട്. കൊടകരയിൽ കനത്ത മഴയിൽ കെട്ടിടം ഇടിഞ്ഞുവീണ് രണ്ട് അതിഥി തൊഴിലാളികൾ മരിച്ച സാഹചര്യത്തിലാണ് മന്ത്രി ഇടപെടുമെന്ന് ഉറപ്പ് നൽകിയത്. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് തൊഴിൽ വകുപ്പുമായി ചേർന്ന് കാര്യങ്ങൾ നീക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

തൃശൂർ കൊടകരയിലാണ് പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് അതിഥി തൊഴിലാളികൾ കുടുങ്ങിയത്. പുറത്തെടുത്ത രണ്ട് പേരും മരിച്ചു. ഒരു അതിഥിതൊഴിലാളിയെ ഇപ്പോഴും പുറത്തെത്തിക്കാനായിട്ടില്ല. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ഇവര്‍ ജോലിക്കുപോകാനായി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നുവീണത്.

അതേസമയം, സംസ്ഥാനത്ത് മഴ കനക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. പടിഞ്ഞാറന്‍ കാറ്റ് കിഴക്കന്‍ കാറ്റാകുന്ന അപൂര്‍വ സ്ഥിതിയാണ് ഇപ്പോഴുള്ളത്. അതിനാൽ 50-60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുണ്ടാകുമെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. മലയോര ജനത പ്രത്യേകം ശ്രദ്ദിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിലായി 5929 ക്യാമ്പ് സൈറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ആളുകൾ മാറി താമസിക്കണം. ജനങ്ങൾക്ക് എല്ലാ സഹായവും ലഭിക്കുമെന്നും എല്ലായിടത്തും ജാഗ്രത നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വയനാട്ടിലെ മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധങ്ങളെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. ജീവനോപാധി കൊടുക്കാന്‍ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും നിലവിൽ കൊടുത്തുവരുന്നുണ്ട്. ഇതിൽ നിന്ന് ദിവസജോലിക്ക് പോയിത്തുടങ്ങിയവര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. ഡിഡിഎംഎയോട് ബെയ്ലി പാലത്തിന് അപ്പുറത്തേക്ക് ജോലിക്ക് പോകാന്‍ സാധിക്കാത്തവരുടെ കൂടി ലിസ്റ്റ് തരാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അര്‍ഹതപ്പെട്ട ആര്‍ക്കെങ്കിലും സഹായം ലഭിക്കുന്നില്ലെങ്കില്‍ കൊടുക്കാൻ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Content Highlights:k rajan assures checks at buildings where guest labourers are living

dot image
To advertise here,contact us
dot image