അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച നഴ്‌സിനെതിരായ അവഹേളന പരാമർശം; താലൂക്ക് ഓഫീസ് ജൂനിയർ സൂപ്രണ്ട് കസ്റ്റഡിയിൽ

രഞ്ജിതയ്‌ക്കെതിരായ അവഹേളന പരാമർശത്തിന് പിന്നാലെ ഇയാളെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു

dot image

കാസര്‍കോട്: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയ്‌ക്കെതിരെ സമൂഹ മാധ്യമത്തിൽ അവഹേളന പരമാർശം നടത്തിയ സംഭവത്തില്‍ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് പവിത്രനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വെള്ളരിക്കുണ്ട് പൊലീസാണ് പവിത്രനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ ജോലി ചെയ്യുന്ന താലൂക്ക് ഓഫീസില്‍ എത്തിയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രഞ്ജിതയ്‌ക്കെതിരായ അവഹേളന പരാമർശത്തിന് പിന്നാലെ ഇയാളെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അഹമ്മദാബാദില്‍ ഉണ്ടായ വിമാന അപകടത്തില്‍ രഞ്ജിത മരണപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അവഹേളനുമായി രംഗത്തെത്തിയത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കമന്റില്‍ തീര്‍ത്തുംമോശമായ പരാമര്‍ശമായിരുന്നു ഇയാള്‍ നടത്തിയത്. സംഭവം വിവാദമായതോടെ ഇയാള്‍ക്കെതിരെ വകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു. ഹീനമായ നടപടിയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മന്ത്രി രാജന്‍ പ്രതികരിച്ചിരുന്നു. മുനുഷ്യത്വരഹിത നടപടി എന്നായിരുന്നു ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞത്. ഒരാള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ എഴുതാന്‍ സാധിക്കുക എന്നും ഇത്തരത്തിലുള്ള പ്രവണതകളെ പ്രോത്സാഹിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞിരുന്നു. രഞ്ജിതയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. മുമ്പ് റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരനെ സോഷ്യല്‍ മീഡിയയിലൂടെ അവഹേളിച്ചതിന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

അതേസമയം അപകടത്തില്‍ മരിച്ച രഞ്ജിതയുടെ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം നാട്ടിലേയ്ക്ക് എത്തിക്കും. അതിനായി രജ്ഞിതയുടെ സഹോദരൻ രതീഷും അടുത്ത ബന്ധുവും അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് പോകും. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ യാത്രാ രേഖകളും സാക്ഷ്യപത്രവും കൈമാറി. ഇവർ രാത്രി 9.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും മുംബൈയിലേയ്ക്ക് തിരിക്കും. അവിടെ നിന്നും പുലർച്ചെ വിമാന മാർഗ്ഗം അഹമ്മദാബാദിലെത്തും. സര്‍ക്കാര്‍ ജോലിയിൽ പുന:പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടര്‍ന്ന് അതിന്റെ നടപടിക്രമങ്ങള്‍ക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. ലണ്ടനില്‍ തിരികെയെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും നാട്ടിലെത്തി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്.

Content Highlights- Govt officer detained for spread bad comments against nurse who died in plane crash

dot image
To advertise here,contact us
dot image