
മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് കണ്‍വീനര്‍ പി വി അന്‍വറിനായി നിലമ്പൂരില്‍ പോസ്റ്ററുകള്‍. 'പി വി അന്‍വര്‍ തുടരും' എന്നെഴുതിയ പോസ്റ്ററാണ് മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടത്. ടിഎംസി വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെയും ചുങ്കത്തറ കൂട്ടായ്മയുടെയും പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
പി വി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ അനിശ്ചിതത്വം തുടരവെയാണ് മുന്‍ എംഎല്‍എയെ പിന്തുണച്ച് പോസ്റ്ററുകള്‍ പതിച്ചത്. 'പി വി അന്‍വര്‍ ഞങ്ങളുടെ കരളിന്റെ കഷണം. അദ്ദേഹത്തെ മഴയത്ത് നിര്‍ത്താന്‍ അനുവദിക്കില്ല', 'നിലമ്പൂരിന്റെ സുല്‍ത്താന്‍ പി വി അന്‍വര്‍ തുടരും', 'മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങള്‍ കൂടെയുണ്ട്' എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. മുന്നണി പ്രവേശന തീരുമാനം വൈകുന്നതിനിടെയാണ് പിന്തുണ പോസ്റ്ററുകള്‍.
യുഡിഎഫ് അവഗണനയിലെ രോഷവും വേദനയും വൈകാരികമായി പങ്കുവെക്കുന്നതായിരുന്നു പി വി അന്‍വറിൻ്റെ ഇന്നത്തെ വാര്‍ത്താ സമ്മേളനം. പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. യുഡിഎഫുമായി സഹകരിക്കുന്നതില്‍ അന്‍വര്‍ വ്യക്തത വരുത്തട്ടെ എന്ന പ്രതിപക്ഷ നേതാവിന്റെ വാക്കുകളായിരുന്നു അന്‍വറിനെ ചൊടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് തന്നെ വസ്ത്രാക്ഷേപം നടത്തി ചെളിവാരി എറിയുകയാണെന്നും അന്‍വര്‍ തുറന്നടിച്ചിരുന്നു. യുഡിഎഫിന്റെ ഭാഗമാകാന്‍ സഹകരിച്ചതിന്റെയും നടത്തിയ എണ്ണമറ്റ പരിശ്രമങ്ങളുടെയും കണക്കുകള്‍ പിവി അന്‍വര്‍ അക്കമിട്ട് നിരത്തിയിരുന്നു. പിന്നാലെയാണ് മണ്ഡലത്തില്‍ അന്‍വറിനെ പിന്തുണച്ച് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
Content Highlights: TMC poster supporting pv Anvar in nilambur assembly constituency